ബലമായി ശിരോവസ്ത്രം നീക്കി

Saturday 12 August 2017 9:52 pm IST

കാലിഫോര്‍ണിയ: രണ്ടു വര്‍ഷം മുന്‍പ് പോലീസ് അറസ്റ്റ് ചെയ്ത് ബലമായി ശിരോവസ്ത്രം നീക്കിയ മുസ്ലിം സ്ത്രീക്ക് അമേരിക്കയില്‍ 85,000 ഡോളര്‍ (54 ലക്ഷം രൂപ) നഷ്ടപരിഹാരം. കേഴ്സ്റ്റി പവല്‍ എന്ന സ്ത്രീ നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കാലിഫോര്‍ണിയയിലെ ലോങ് ബീച്ച് നഗരസഭാ അധികൃതരാണ് നഷ്ടപരിഹാരം നല്‍കാമെന്നു സമ്മതിച്ചത്. 2015ലാണ് സംഭവം. ഭര്‍ത്താവിനൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് കേഴ്സ്റ്റിയെ പോലീസ് അറസ്റ്റ് ചെയ്തത്. കടയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്. വനിതാ ഓഫീസര്‍ വേണമെന്ന ആവശ്യം പോലീസ് തള്ളി. സ്‌റ്റേഷനിലെത്തിയപ്പോള്‍ പോലീസ് ഉദ്യോഗസ്ഥന്‍ ബലമായി ശിരോവസ്ത്രം നീക്കി. ആ ദിവസം മുഴുവന്‍ ശിരോവസ്ത്രമില്ലാതെ ജയിലില്‍ കഴിയേണ്ടിവന്നു. പിന്നീട് ഭര്‍ത്താവിന്റെ ജാമ്യത്തില്‍ വിട്ടയച്ചു. 2016ലാണ് ഇവര്‍ നിയമ നടപടി തുടങ്ങിയത്. തന്റെ മൗലികാവകാശം പോലീസ് ലംഘിച്ചുവെന്നാരോപിച്ച് ഇവര്‍ കോടതിയെ സമീപിച്ചു. ഇതോടെ, ലോങ് ബീച്ച് നഗരസഭ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.