സാന്ത്വനം -2017: മുഴുവന്‍ അംഗപരിമിതര്‍ക്കും ഉപകരണങ്ങള്‍ നല്‍കും

Saturday 12 August 2017 9:53 pm IST

തൃശൂര്‍ : കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യനീതി മന്ത്രാലയം നടപ്പാക്കുന്ന സാന്ത്വനം -2017 പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ അംഗപരിമിതര്‍ക്കും ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുമെന്ന് റിച്ചാര്‍ഡ് ഹേ എം.പി. ശാരീരിക വൈകല്യം, അന്ധത, ബധിരത തുടങ്ങി ഏഴുതരം അംഗപരിമിതര്‍ക്കുള്ള ഉപകരണങ്ങളാണ് നല്‍കുക. അപേക്ഷ സ്വീകരിച്ച ശേഷം വിദഗ്ധ സമിതി പരിശോധന നടത്തുകയും ആവശ്യമായ ഉപകരണം തീരുമാനിക്കുകയും ചെയ്യും. അതനുസരിച്ചാകും വിതരണം. ജില്ലകള്‍ തോറും സംഘടിപ്പിക്കുന്ന ക്യാമ്പുകള്‍ വഴിയാണ് അപേക്ഷ സ്വീകരിക്കുക. ആദ്യ ക്യാമ്പ് ഒക്‌ടോബര്‍ മൂന്നിന് തൃശൂരില്‍. തുടര്‍ന്ന് മറ്റു ജില്ലകളിലും ക്യാമ്പുകള്‍ സംഘടിപ്പിക്കും. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. ഈ രംഗത്തെ പ്രമുഖ സ്ഥാപനമായ അലെന്‍കോയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഉപകരണങ്ങള്‍ നൂറുശതമാനം സൗജന്യമായാണ് നല്‍കുക. കേരളത്തില്‍ അംഗപരിമിതരായ മുഴുവന്‍ പേര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് എം. എസ്.സമ്പൂര്‍ണ്ണ, കെ. കെ. അനീഷ്‌കുമാര്‍, ജസ്റ്റിന്‍ ജേക്കബ്, വി. പ്രേമന്‍ എന്നിവരും പങ്കെടുത്തു.