ഉഴവൂരിന്റെ മരണത്തില്‍ അന്വേഷണം: മറനീക്കുന്നത് പാര്‍ട്ടിക്കുള്ളിലെ ശത്രുത

Saturday 12 August 2017 10:40 pm IST

കോട്ടയം: എന്‍സിപി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതോടെ പാര്‍ട്ടിക്കുള്ളിലെ നേതാക്കള്‍ തമ്മിലുള്ള ശത്രുത പുറത്ത് വരും. കേരള രാഷ്ടീയത്തില്‍ എല്‍ഡിഎഫിന്റെ ഘടകകക്ഷിയില്‍ കവിഞ്ഞ് കാര്യമായ രാഷ്ടീയ സ്വാധീനം ഇല്ലാതെയിരുന്നിട്ടും ഇത്രയധികം പടല പിണക്കങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഉഴവൂരിന്റെ മരണത്തോടെയാണ് പുറം ലോകമറിഞ്ഞത്. ഉഴവൂരിനെ ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചതായി ആരോപണം നേരിടുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി സുള്‍ഫിക്കര്‍ മയൂരിക്കെതിരെയാണ് പ്രധാനമായും അന്വേഷണം വരുന്നത്. ഈ സംസാരത്തിനൊടുവില്‍ ഉഴവൂര്‍ കുഴഞ്ഞ് വീണെന്നാണ് അദ്ദേഹത്തിന്റെ സന്തത സഹചാരി വെളിപ്പെടുത്തിയത്. ഉഴവൂരിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് നീക്കാന്‍ ഒരു വിഭാഗം കിണഞ്ഞ് ശ്രമിച്ച് വരുന്നതിനിടയിലായിരുന്നു അന്ത്യം. പാര്‍ട്ടിയില്‍ ഉഴവൂരിന് ശത്രുക്കള്‍ ഉണ്ടായിരുന്നുവെന്ന് കോട്ടയം ജില്ലാ നേതൃത്വം പരസ്യമാക്കിയിരുന്നു. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാക്കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതിയും നല്‍കി. ഉഴവൂരുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഡിജിപി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. പാര്‍ട്ടിയില്‍ ഉടലെടുത്ത പടലപിണക്കങ്ങളുടെ മൂര്‍ധന്യത്തില്‍ സുള്‍ഫിക്കര്‍ മയൂരി മറ്റൊരു നേതാവിനെ വിളിച്ച് ഉഴവൂരിനെതിരെ ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചെന്ന വെളിപ്പെടുത്തലുമുണ്ടായി. ഈ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത് വന്നതോടെയാണ് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായത്. ഒരു പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിന്റെ മരണവുമായി ബന്ധപ്പെട്ട് അതേ പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം ആദ്യമാണെന്നാണ് വിലയിരുത്തല്‍. ചാനല്‍ പ്രവര്‍ത്തകയുമായുള്ള സംസാരത്തിന്റെ പേരില്‍ എ. കെ. ശശീന്ദ്രന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇപ്പോള്‍ സംസ്ഥാന പ്രസിഡന്റിനെ മരണത്തെക്കുറിച്ച് അന്വേഷണം വരുന്നത് പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാക്കും.