ഹോം » സാമൂഹികം » വെബ്‌ സ്പെഷ്യല്‍

പ്രണയത്തിനു കൊലക്കത്തി ഭാഷയോ

വെബ് ഡെസ്‌ക്
August 13, 2017

കുറെനാളായി പ്രണയത്തിന് വല്ലാത്തൊരു ഭാഷ. അതെ,കൊലക്കത്തി ഭാഷതന്നെ. പ്രണയം നിരസിച്ചാല്‍,സംശയം തോന്നിയാല്‍ ചുട്ടുകൊല്ലും ആസിഡ് ഒഴിക്കും കുത്തിക്കൊല്ലും. ഇത്തരം ക്രൂരവിനോദങ്ങളാണ് പ്രണയത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്നത്. കണ്ണടച്ചാല്‍ ഒരു സമ്മാനം തരാമെന്നു പറഞ്ഞ കാമുകന്റെ വാക്കുകള്‍ വിശ്വസിച്ച് കണ്ണടച്ച കാമുകിയെ കാമുകന്‍ കുത്തുകയായിരുന്നു. ആശുപത്രിയിലേക്കുപോകും വഴി പെണ്‍കുട്ടി മരിച്ചു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നു സംശയിച്ചതിന്റെ പേരിലാണ് കൊലപാതകം.

ഒരു ജീവന്‍ നഷ്ടമായി. ആ കുട്ടിക്കും വീട്ടുകാര്‍ക്കും പോയി എന്നതാണ് സത്യം. കൊന്നവന് പരമാവധി ശിക്ഷകിട്ടിയിട്ടും എന്തിന്. അത്തരം ശിക്ഷകള്‍ നിയമത്തിന്റെ സാങ്കേതികഭാഷയുടെ പ്രയോഗവും അനുഭവവും എന്നതില്‍ കവിഞ്ഞ് എന്താണ്. ഇങ്ങനെയുള്ള പ്രണയക്കൊലകള്‍ പലതും ഇവിടെ നടന്നുകഴിഞ്ഞു. ഇനിയും നടക്കാന്‍ സാധ്യതയുമുണ്ട്. പ്രണയത്തിന്റെ ഉറപ്പില്ലായ്മയും സംശയവുമൊക്കെ കാരണമാകുന്ന ഇത്തരം ക്രൂരതയെ നിയമം കൊണ്ടോ ബോധവല്‍ക്കരണം കൊണ്ടോ പൂര്‍ണ്ണമായും പരിഹരിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. ഇന്നത്തെ തലമുറ പ്രണയം തുടങ്ങിയ മഹത്തായ വികാരങ്ങളോടു കാണിക്കുന്ന ലാഘവത്വവും ദിശാബോധം ഇല്ലായ്മയും പ്രധാനപ്രശ്‌നങ്ങളില്‍ ഒന്നുമാത്രമാണ്. സൗഹൃദം, ദയ,കാരുണ്യം തുടങ്ങിയവയേയും സ്വാര്‍ഥതയുടെമാത്രം കൊഴുപ്പുപുരട്ടി ഉപയോഗപ്രദമാക്കുകയാണോ പുതുതലമുറ എന്ന് സംശയിക്കണോ.

എന്തും സോഷ്യല്‍ മീഡിയയില്‍ വൈറലാകാനും ചാനലിലും പത്രങ്ങളിലും പേരുവന്നു ആഘോഷിക്കാനും മാത്രമുള്ളതാണെന്നു കരുതുന്നവരെ നമുക്കെന്തു ചെയ്യാന്‍ കഴിയും എന്നാലോചിക്കേണ്ടതുണ്ട്. സിനിമയിലും സീരിയലിലും കാണുന്നതിലും അപ്പുറം പ്രണയ സ്വഭാവത്തെ ഗൗരവമായി കാണുന്നവര്‍ എത്രപേരുണ്ട്.  തങ്ങളുടെ പ്രണയ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിലിട്ട് ആയിരം ലൈക്കുകിട്ടിയാല്‍ പ്രേമിക്കാം എന്നു പറഞ്ഞ കാമുകിയെ ആയിരം ലൈക്കുകാട്ടിക്കൊടുത്ത് സ്വന്തമാക്കിയ കാമുകന്റെ കഥ കേട്ടു! ആഗ്രഹിക്കുന്നവര്‍ തങ്ങളെ പ്രണയിക്കണമെന്നു ഏകപക്ഷീയമായി വാശിപിടിച്ചു നടക്കുന്നവര്‍ക്കു മറിച്ചായാല്‍ തോന്നുന്ന പകയില്‍ ഒടുങ്ങിത്തീരാനാണ് തകരയുടെ ആയുസുള്ള പല പ്രണയങ്ങളുടേയും വിധി!

ഇഷ്ടപ്പെട്ടതുകൊണ്ട് ഇത്രയുംകാലം ഉള്ളില്‍ കൊണ്ടുനടന്നതാണെന്നു അവനവനോടുതന്നെ മമത തോന്നാത്ത തിരിച്ചറിവില്ലെങ്കില്‍ ആക്രമിച്ചു സ്വന്തമാക്കാന്‍ തോന്നും. അല്ലെങ്കില്‍ നശിപ്പിക്കാന്‍. പ്രണയത്തിന്റെ പൊരുത്തപ്പെടാത്ത കടന്നല്‍ക്കൂടിളകുന്ന കലഹങ്ങളുടെ ഭ്രാന്തിനെ ചുമക്കുകയാണോ നമ്മുടെ പുതിയ ചെറുപ്പം.പ്രണയത്തെക്കാള്‍ എത്രവലുതാണ് ജീവനും ജീവിതവും

Related News from Archive
Editor's Pick