ഹോം » വാര്‍ത്ത » 

വിദ്യാവിനയവര്‍ത്തന്തേ

July 15, 2011

അനന്തവും അവര്‍ണനീയവുമാണ്‌ ഹിന്ദുധര്‍മവും ഹിന്ദുസംസ്കാരവുമെന്ന്‌ ഭാരതം സന്ദര്‍ശിച്ച എല്ലാ വിദേശ ചരിത്രകാരന്മാരും രേഖപ്പെടുത്തുന്നു. ഹിന്ദുത്വം ലോകസംസ്കാരങ്ങളുടെ ഗുരുവും മാതാവുമാണെന്ന്‌ ഹുയാങ്ങ്സാങ്ങ്‌ മുതല്‍ റൊമെയ്ങ്ങ്‌ റോളാങ്ങ്‌ വരെയുള്ളവര്‍ പുകഴ്ത്തിയിട്ടുണ്ട്‌. ഭാരതത്തെ പുകള്‍പെറ്റ ഏത്‌ സംസ്കാരങ്ങളില്‍നിന്നും വ്യത്യസ്തമായി നിര്‍ത്തുന്ന ഘടകങ്ങള്‍ നിരവധിയാണ്‌. ഭാരതത്തിന്റെ സാഹിത്യം, കല,ശാസ്ത്രം, ജീവിത രീതികള്‍, പ്രകൃതിയോടുള്ള ഭാരതീയരുടെ സമീപനം, മറ്റ്‌ മനുഷ്യസമൂഹങ്ങളോടുള്ള സഹിഷ്ണുതാഭാവം എല്ലാമെല്ലാം അസൂയാവഹമായ വ്യത്യസ്തതകള്‍ പുലര്‍ത്തുന്നുവെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. ഈ സവിശേഷതയ്ക്ക്‌ അടിസ്ഥാനമായ ഘടകങ്ങള്‍ എന്താണ്‌ ഹൈന്ദവ സംസ്കാരത്തില്‍ കാണാനുള്ളതെന്ന ചോദ്യത്തിന്‌ മറുപടി തേടുമ്പോഴാണ്‌, ഭാരതീയര്‍ ഹൃദയത്തോട്‌ ചേര്‍ത്തുപിടിച്ച ചില സങ്കല്‍പ്പങ്ങള്‍ എത്രമാത്രം ശാസ്ത്രശുദ്ധവും ചിരന്തനവുമാണെന്ന്‌ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌.
മാതൃദേവോ ഭവഃ, പിതൃദേവോ ഭവഃ ആചാര്യ ദേവോ ഭവഃ എന്ന മന്ത്രങ്ങള്‍ ഉരുക്കഴിച്ചു വളര്‍ന്ന ഒരു സമൂഹത്തിന്‌ ആയുഷ്ക്കാലം മുഴുവന്‍ അനുഭവിച്ചു തീര്‍ക്കേണ്ട ജീവിത വിജ്ഞാനത്തിന്റെ എല്ലാ അംശങ്ങളും സ്വായത്തമാക്കാന്‍ മറ്റൊരു വഴി തേടിപ്പോകേണ്ടി വന്നില്ല. ആരാധിക്കപ്പെടും വണ്ണം സ്വജീവിതം സംശുദ്ധമായും വിഭവസമൃദ്ധമായും നിലനിര്‍ത്താന്‍ ഈ തൃമൂര്‍ത്തികള്‍ ശ്രദ്ധിക്കുകയും അതിനായി കഠിനതപം ചെയ്യുകയും ചെയ്തുപോന്നു. പ്രത്യേകിച്ച്‌ ഗുരു സങ്കല്‍പ്പം മേറ്റ്ല്ലാറ്റിനും മേലെ തിളങ്ങിനിന്നു. ഏറ്റവും ഉന്നതമെന്ന്‌ മനുഷ്യര്‍ കരുതിപ്പോന്ന ദൈവസങ്കല്‍പ്പത്തിനും മേലെയാണ്‌ പലപ്പോഴും ഗുരുസങ്കല്‍പ്പം നിലനിന്നിരുന്നത്‌. ദേവന്മാര്‍ക്കും ഗുരുവുണ്ടായിരുന്നുവെന്ന വിശ്വാസം ഗുരുവിന്‌ നല്‍കേണ്ട അത്യുന്നതസ്ഥാനത്തെക്കുറിച്ചുള്ള ബോധം സമൂഹത്തെ മുഴുവന്‍ ഗ്രസിക്കയും അതിലൂടെ വിജ്ഞാനത്തിന്റേയും വിനയത്തിന്റേയും അവയിലൂടെ ജീവിത വിജയത്തിന്റെയും നൈരന്തര്യമായ പ്രവാഹം അനുഭവവേദ്യമാക്കുവാന്‍ കഴിയുകയും ചെയ്തുവെന്നതാണ്‌ ഭാരതത്തെ ലോകരാഷ്ട്രങ്ങളുടെ ഗുരുസ്ഥാനീയയാക്കിയത്‌. വിജ്ഞാനത്തിന്റെ ഏറ്റവും അങ്ങേത്തലം എന്നുപറയുന്നത്‌ ഹൃദയത്തിലെ ഇരുട്ട്‌ പൂര്‍ണമായും ഇല്ലാതാക്കി ശാന്തിയുടേയും സമാധാനത്തിന്റേയും പ്രകാശധവളിമയില്‍ ചെന്നെത്തുകയെന്നതായിരുന്നു ശിഷ്യലോകത്തിന്റെ പരമമായ ലക്ഷ്യം.
ഗുരുവില്ലാതെ വിജ്ഞാനം പൂര്‍ണമാകുന്നില്ലായെന്നാണ്‌ ഉത്തമവിശ്വാസം. അതിനാല്‍ ശിഷ്യന്മാര്‍ യഥാര്‍ത്ഥമായ ഗുരുവിനെ തേടി അലയുമായിരുന്നു. അത്തരം ഉത്തമ ഗുരുക്കന്മാരെ കണ്ടെത്തിയ ശിഷ്യരാകട്ടെ ഗുരുവിനേക്കാള്‍ ശ്രേഷ്ഠഗുരുക്കന്മാരായി മാറുകയുംചെയ്തു. ജീവിത വിജയത്തിന്റെ അര്‍ത്ഥവ്യാപ്തി ഉദരംഭര വിദ്യാഭ്യാസം പൂര്‍ത്തിയാക്കലാണെന്ന ഇന്നത്തെ കാഴ്ചപ്പാടായിരുന്നില്ല ഭാരതീയ സമൂഹം പോറ്റിവളര്‍ത്തിയത്‌. അതുകൊണ്ടുതന്നെയാണ്‌ ഭാരതം മറ്റേത്‌ രാഷ്ട്രത്തിനും മാതൃകയാംവണ്ണം നിലകൊണ്ടിരുന്നതും. നലാന്റയിലും തക്ഷശിലയിലും വിക്രംശിലയിലും മാത്രമല്ല, ഗ്രാമ-ഗ്രാമാന്തരങ്ങളിലെ ഗുരുകുലങ്ങളിലും നല്‍കപ്പെട്ടിരുന്ന വിശ്വവിജ്ഞാനം തേടി അനേകം വിദേശീയര്‍ ഈ പുണ്യഭൂമിയിലെത്തിച്ചേര്‍ന്നിരുന്ന ഭാരതത്തിന്റെ പുഷ്ക്കലമായ സുവര്‍ണകാലഘട്ടമെവിടെ! ശുഷ്ക്കമായ കമ്പ്യൂട്ടര്‍ വിജ്ഞാനവുമായി അമേരിക്കയുടേയും മറ്റ്‌ വിദേശ രാജ്യങ്ങളുടേയും തൊഴില്‍ശാലകള്‍ തേടി അലയുന്ന ഭാരതീയ യുവത്വത്തിന്റെ ഇന്നത്തെ കാലഘട്ടമെവിടെ! മനുഷ്യന്‌ ദൈവത്തോളം വിലയുണ്ടായിരുന്ന കാലഘട്ടത്തില്‍നിന്നും ഇന്നിപ്പോള്‍ പുഴയോരങ്ങളില്‍നിന്നും രാത്രി കളവായി ഊറ്റിയെടുക്കുന്ന മണല്‍ തരികളുടെ വിലപോലുമില്ലാത്ത സ്ഥിതിയിലേയ്ക്ക്‌ നാം എത്തി നില്‍ക്കുന്നത്‌ എന്തുകൊണ്ട്‌ എന്നു ചിന്തിയ്ക്കുമ്പോഴാണ്‌ ഗുരു സങ്കല്‍പ്പത്തിന്റെ നഷ്ടബോധം നമ്മെ അലോസരപ്പെടുത്തുന്നത്‌.
വേദകാലഘട്ടം ഇനിയും വ്യക്തമായി ഗണിക്കപ്പെട്ടു കഴിഞ്ഞിട്ടില്ല. ബി.ജി.തിലക്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ ക്രിസ്തുവിന്‌ മുമ്പ്‌ 4500 വര്‍ഷമെന്നാണ്‌. ഡേവിഡ്‌ ഫ്രോളി പറഞ്ഞിട്ടുള്ളത്‌ ഭാരതത്തിന്റെ ആദ്യത്തെ ഇതിഹാസം ഋഗ്വേദമാണെന്നാണ്‌. വേദങ്ങള്‍ പകുത്ത്‌ കൂടുതല്‍ പഠനോപയുക്തമാക്കിയത്‌ വേദവ്യാസനാണെന്നാണ്‌ വിശ്വാസം. ഗുരുസങ്കല്‍പ്പത്തിന്‌ വേദകാലഘട്ടത്തിന്റെ പഴക്കമുള്ളതുകൊണ്ടാകാം വേദവ്യാസന്റെ ജയന്തിമുതലാണ്‌ ഗുരുപൂജ ഭാരതീയ സമൂഹം ആചരിച്ചുപോന്നതെന്ന്‌ കരുതുന്നത്‌. വ്യാസോഛിഷ്ടം ജഗത്‌ സര്‍വം എന്ന്‌ കരുതിപ്പോരുന്നു. അത്ഭുതകരമായ ഭാരതീയ തത്വചിന്തകള്‍ അനവധി ഗ്രന്ഥങ്ങളിലൂടെ ലോക ജനതയ്ക്ക്‌ പകര്‍ന്നു നല്‍കിയത്‌ വ്യാസനാണ്‌. വിജ്ഞാനത്തിന്റെ ആ പരമാചാര്യന്റെ ജന്മദിനമായ ആഷാഢമാസത്തിലെ പൗര്‍ണമി നാളാണ്‌ ഗുരുപൂജാദിനമായി ആചരിച്ചുവരുന്നത്‌. ഗുരുവിനെ പൂജിയ്ക്കയെന്നാല്‍ നമ്മുടെ അറിവില്ലായ്മയെന്ന അന്ധകാരം മുഴുവന്‍ ഗുരുവെന്ന സൂര്യതേജസ്സിന്റെ കാല്‍ക്കീഴില്‍ അടിയറ വെച്ച്‌ വിജ്ഞാനത്തിന്റെ വെളിച്ചം സ്വാംശീകരിക്കാന്‍ നാം വിനയാന്വിതനായി തീരുന്നുവെന്നതാണ്‌. “വിദ്യാവിനയവര്‍ത്തന്തേ……” (ഭഗവദ്ഗീത) വിനയാന്വിതനില്‍ മാത്രമേ വിദ്യ വിളങ്ങുകയുള്ളൂ. കുരുത്തം വേണമെന്നും കുരുത്തക്കേട്‌ കാണിക്കരുതെന്നുമൊക്കെ യാതൊരുവിദ്യാഭ്യാസവുമില്ലാത്ത നാട്ടുമ്പുറത്തെ അമ്മൂമാര്‍പോലും നമ്മെ ഓര്‍മപ്പെടുത്തുന്നത്‌ ഗുരുസങ്കല്‍പ്പം ഭാരതീയ ഗ്രാമാന്തരങ്ങളില്‍പ്പോലും എത്രമാത്രം ആഴ്‌ന്നിറങ്ങിയിരുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌. “ശിവക്രോധാത്‌ ഗുരുസ്ത്രാതാ, ഗുരുക്രോധോ ശിവോനഹി” ശിവകോപത്തില്‍നിന്നും ഗുരു രക്ഷിക്കും, ഗുരു കോപിച്ചാല്‍ ശിവനും രക്ഷിക്കാനാവില്ലെന്നാണ്‌ വിശ്വാസം. ആദികാല ഗുരുക്കന്മാര്‍ ഋഷിമാരായിരുന്നു. അതായത്‌ സര്‍വസംഗപരിത്യാഗികള്‍. പൂര്‍ണജ്ഞാനിയായാല്‍ ഏറ്റവും വലിയ ശക്തിയാര്‍ജ്ജിച്ചുവെന്നാണ്‌. യുധിഷ്ഠിരന്റെ ചോദ്യത്തിന്‌ വിദുരന്‍ പറഞ്ഞതും ഇതാണ്‌. പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തി പ്രജ്ഞാബലമെന്നാണ്‌ വിദുരന്‍ ഉപദേശിച്ചത്‌. ആ ശക്തിയ്ക്കു മുമ്പില്‍ ആസുരിക ശക്തികള്‍ക്കുപോലും ജയിക്കാനാവില്ല. വസിഷ്ഠന്‌ മുമ്പില്‍ ആസുരിക ശക്തികള്‍ക്കുപോലും ജയിക്കാനാവില്ല. വസിഷ്ഠനു മുമ്പില്‍ തോല്‍ക്കേണ്ടിവന്ന വിശ്വാമിത്ര ചക്രവര്‍ത്തി തന്റെ ഭരണാധികാരവും രാജ്യവും വീടും സര്‍വതും ഉപേക്ഷിച്ച്‌ കഠിനമായ തപസ്സനുഷ്ഠിച്ച്‌ ബ്രഹ്മര്‍ഷിയും രാജര്‍ഷിയുമായിത്തീര്‍ന്നു. എത്ര ശക്തനും പ്രതാപശാലിയുമായ രാജാവും കാഷായ വസ്ത്രധാരിയായ ഒരു സന്ന്യാസിയെ തന്റെ ഗുരുവായി രാജാസനത്തിനരികെ ഇരുത്തി ആശിര്‍വാദം വാങ്ങിക്കൊണ്ടാണ്‌ ഭരണഭാരം നിര്‍വഹിച്ചുപോന്നതെന്ന്‌ കാണാം.
ചക്രവര്‍ത്തിയും രാജര്‍ഷിയുമായ ജനകന്‍ അഷ്ടാവക്രനെപ്പോലുള്ള അനേകം ശിഷ്യരുടെ ഗുരുവായിരുന്നത്‌ ത്യാഗംകൊണ്ടും തപസ്സുകൊണ്ടും ആര്‍ജ്ജിച്ച വിജ്ഞാനത്തിന്റെ മഹത്വം കൊണ്ടാണ്‌. യഥാര്‍ത്ഥ ഗുരുവിനെ ലഭിച്ചവന്‍ സൗഭാഗ്യവാനായി തീരുന്നു. അതുകൊണ്ടാണ്‌ ചക്രവര്‍ത്തികുമാരനായ അഷ്ടാവക്രന്‍ ജനക മഹര്‍ഷിയുടെ കൊട്ടാരവാതില്‍ക്കല്‍ ദിവസങ്ങളോളം ഗുരുവിന്റെ പരിഗണനയ്ക്കായി കാത്തുകിടന്നത്‌. ശിഷ്യനെ പൂര്‍ണമായും പരീക്ഷിച്ച്‌ ഒടുവില്‍ തൃപ്തനായി സ്വീകരിച്ച്‌ തന്നിലുള്ളതെല്ലാം പകര്‍ന്നു നല്‍കി ജനകന്‍ അഷ്ടാവക്രനെ യാത്രയാക്കുമ്പോള്‍ തന്റെ രാജ്യവും താന്‍ ഗുരുവിനെ തേടിയെത്തിയ കുതിരയുമടക്കം തന്റെ സര്‍വസ്വവും ഗുരുദക്ഷിണയായി സമര്‍പ്പിച്ചുകൊണ്ടാണ്‌ അഷ്ടാവക്രന്‍ യാത്രയായത്‌. താന്‍ ഉപേക്ഷിച്ചതിന്റെയെല്ലാം ഉയരത്തില്‍ തനിക്കുണ്ടായ വിജ്ഞാനത്തില്‍ അഷ്ടാവക്രന്‍ ആഹ്ലാദംകൊണ്ടു. ഗുരുവിനേക്കാള്‍ ഉയര്‍ന്ന വൈജ്ഞാനികനായി മാറി. അഷ്ടാവക്രഗീത നൂറ്റാണ്ടുകളേറെ കഴിഞ്ഞിട്ടും മാര്‍ഗദര്‍ശകമായ ജീവിതദര്‍ശനമാണ്‌.
ഭാരത രാഷ്ട്രപതിയായിരുന്ന അബ്ദുള്‍കലാം ഗുരുവന്ദനത്തെക്കുറിച്ച്‌ എന്നും വിദ്യാര്‍ത്ഥികളെ ഓര്‍മപ്പെടുത്തുകയും സ്വയം തന്റെ ഗുരുക്കന്മാരുടെ മുന്നില്‍ വിനയാന്വിതനായി നില്‍ക്കുന്നതും നാം മാധ്യമങ്ങളിലൂടെ കേട്ടിട്ടുണ്ട്‌. വിദ്യാസമ്പന്നനും എന്തും ചോദ്യം ചെയ്തും പരീക്ഷിച്ചും മാത്രം സ്വീകരിക്കുന്ന നരേന്ദ്രന്‍ വേണ്ടത്ര വിദ്യാഭ്യാസം നേടാത്ത ഒരു ക്ഷേത്രം പൂജാരിയായ ശ്രീരാമകൃഷ്ണപരമഹംസനെയാണ്‌ ഗുരുവായി സ്വീകരിച്ചത്‌. ഗുരു ലോകപ്രശസ്തനായതും ഈ ശിഷ്യനിലൂടെയാണ്‌.
ഭാരതത്തിന്റെ അമൂല്യസംസ്കാരത്തിന്റെ കാതലായ ഗുരുശിഷ്യ ബന്ധം നിലനില്‍ക്കേണ്ടത്‌ ഇവിടുത്തെ ജനതയ്ക്കും ലോകജനതയ്ക്കും എന്നെന്നും ഗുണകരമായിരിക്കുമെന്നാണ്‌ ആനിബസന്റ്‌ ഓര്‍മിപ്പിച്ചത്‌.

എ.പി.ഭരത്കുമാര്‍
(ബാലഗോകുലം കൊച്ചി മഹാനഗര്‍
രക്ഷാധികാരിയാണ്‌ ലേഖകന്‍)

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick