രജനികാന്ത്‌ തിരിച്ചെത്തി

Friday 15 July 2011 2:04 am IST

ചെന്നൈ: സിങ്കപ്പൂര്‍ മൗണ്ട്‌ എലിസബത്ത്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തമിഴ്‌ സൂപ്പര്‍താരം രജനികാന്ത്‌ തിരിച്ചെത്തി. ബുധനാഴ്ച അര്‍ധരാത്രിയോടുകൂടി ചെന്നൈ വിമാനത്താവളത്തിലെത്തിയ താരത്തെ സ്വീകരിക്കാനായി ആരാധകര്‍ തടിച്ചുകൂടിയിരുന്നു. പുതിയ ചിത്രമായ റാണയുടെ ഷൂട്ടിംഗിനിടയില്‍ ശാരീരികമായ അസുഖങ്ങള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ രജനിയെ ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെനിന്നും വിദഗ്ധ ചികിത്സക്കായി അദ്ദേഹം സിങ്കപ്പൂരിലെത്തുകയായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളാണ്‌ ഇദ്ദേഹത്തിനുണ്ടായിരുന്നതെന്നാണ്‌ സൂചന. രജനി സുഖംപ്രാപിച്ചുവെന്നും അദ്ദേഹം ഉടന്‍ തിരിച്ചെത്തുമെന്നുമുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ഏതാനും ആഴ്ചകളിലായി പ്രചാരത്തിലുണ്ടായിരുന്നു. തങ്ങളുടെ പ്രിയതാരത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനകളും വഴിപാടുകളുമായി കഴിഞ്ഞിരുന്ന ആരാധകര്‍ രജനിയുടെ തിരിച്ചുവരവ്‌ ഗംഭീരമായിട്ട്‌ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്‌.