കോട്ടയം: ഇന്ത്യയില്‍ ആദ്യമായി പട്ടികവര്‍ഗക്കാര്‍ക്ക് മുണ്ടക്കയം മുരിക്കുംവയലില്‍ അനുവദിക്കപ്പെട്ട ശ്രീശബരീശ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 17ന് ക്ലാസുകള്‍ ആരംഭിക്കും. എംജി യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റിയന് രാവിലെ 10ന് ഉന്നതവിദ്യാരംഭത്തിന് വിളക്ക് തെളിക്കും. ഐക്യമല അരയ മഹാസഭയുടെ കീഴിലുള്ള മലയരയ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച പുതിയ കോളേജില്‍ ബിഎ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ബിസിഎ, ബികോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നീ കോഴ്സുകളിലായി നൂുറു സീറ്റുകളിലേക്കാണ് ഇപ്പോള്‍ പ്രവേശനം. കോളേജ് പ്രിന്‍സിപ്പലും ട്രസ്റ്റ് ചെയര്‍മാനുമായ പ്രൊഫ. എം.എസ്. വിശ്വംഭരന് പരിപാടിയില്‍ അദ്ധ്യക്ഷനാകും. അഞ്ചുനിലകളിലായി സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, വിശാലമായ ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, ആയിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന ആധുനിക രീതിയിലുള്ള ഓഡിറ്റോറിയം, ശീതീകരിച്ച കോണ്‍ഫറന്‍സ്ഹാള്‍ എന്നിങ്ങനെ കോളേജിന് ആവശ്യമായ എല്ലാ ഭൗതീക സൗകര്യങ്ങളും ആധുനിക രീതിയില്‍ ഒരുക്കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്മാന് പ്രൊഫ. എം.എസ്. വിശ്വംഭരന്, സെക്രട്ടറി കെ.കെ. വിജയന്, ജോയിന്റ് സെക്രട്ടറി എം.എന്‍. പുരുഷോത്തമന്, ട്രഷറര്‍ വി.പി. രാജപ്പന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: