കോട്ടയം: വികസനത്തിന്റെ സദ്ഫലങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയാതെ ഒറ്റപ്പെട്ടു നില്ക്കുന്ന പാവപ്പെട്ടവരിലേയ്ക്കു കൂടി എത്തിച്ചേരുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഭരണകൂടങ്ങള്‍ ഏറ്റെടുക്കുമ്പോഴാണ് നാടിന്റെ സമഗ്രവികസനം സാദ്ധ്യമാകുന്നതെന്ന് മന്ത്രി കെ. രാജു പറഞ്ഞു. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലാതല സ്വാതന്ത്ര്യദിന പരിപാടിയില്‍ പതാക ഉയര്‍ത്തിയതിനു ശേഷം സ്വാതന്ത്ര്യദിനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നാടിന്റെ മുഖഛായ തന്നെ മാറ്റുന്ന തരത്തിലുള്ള വന്‍കിട വികസന പദ്ധതികള്‍ക്കൊപ്പം തന്നെയുള്ള പ്രാധാന്യമാണ് പാവപ്പെട്ടവരുടെ ക്ഷേമത്തിനും സര്‍ക്കാര്‍ നല്‍കുന്നത്. വികസനത്തിന്റെ ഫലങ്ങള്‍ ഏതാനും ചിലരിലേയ്ക്കു മാത്രമായി ഒതുങ്ങുന്നത് ഒരുവിധത്തിലും അംഗീകരിക്കാന്‍ കഴിയില്ല. അതിനുള്ള കാരണങ്ങള്‍ എന്തുതന്നെയായാലും അവ കണ്ടെത്തി പരിഹരിക്കും. പ്രകൃതിയെയും പരിസ്ഥിതിയെയും അപകടപ്പെടുത്തിക്കൊണ്ടുള്ള വികസനം സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടര്‍ സി.എ. ലത പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: