കണ്ണൂര്‍: കഴിഞ്ഞ പത്ത് മാസത്തെ ഡിഎ അനുവദിക്കാത്ത ബസ്സുകളില്‍ ഏപ്രില്‍ 11 മുതല്‍ തൊഴിലാളികള്‍ പണിമുടക്കും. ഏപ്രില്‍ മാസം മുതല്‍ പതിനഞ്ചോളം ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ ലേബര്‍ ഓഫീസര്‍ വിളിച്ചിട്ടും ബസ്സുടമസ്ഥ സംഘം ചര്‍ച്ചകളില്‍ പങ്കെടുക്കാതെ ഒഴിഞ്ഞുമാറുകയാണ്. ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചാലേ ഡിഎ വര്‍ദ്ധിപ്പിക്കൂ എന്ന തൊഴിലാളിവിരുദ്ധ നടപടിക്കെതിരെയാണ് 11 മുതല്‍ ഡിഎ അനുവദിക്കാത്ത ബസ്സുകളില്‍ സംയുക്ത തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തില്‍ പണിമുടക്ക് നടത്തുന്നത്.
14ന് ലേബര്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ചയില്‍ നിന്നുകൂടി ഉടമസ്ഥ സംഘടനകള്‍ മാറിനിന്ന പശ്ചാത്തലത്തിലാണ് യൂണയന്റെ സമര പ്രഖ്യാപനം. ഇതിനകം ഡിഎ നല്കിയവരെയും ഇനിമുതല്‍ ഡിഎ നല്കുന്ന ബസ്സുടമകളെയും സമരത്തില്‍ നിന്നും ഒഴിവാക്കുന്നതുമൂലം യാത്രക്കാര്‍ക്കുള്ള അസൗകര്യം ഒരുപരിധിയോളം കുറയും. യോഗത്തില്‍ പി.സൂര്യദാസ് അധ്യക്ഷതവഹിച്ചു. കെ.ജയരാജന്, കെ.കെ.ശ്രീജിത്ത്, എം.എ.കരീം, വി.വി.പുരുഷോത്തമന്, എന്‍.പ്രസാദ്, താവം ബാലകൃഷ്ണന്, എന്‍ മോഹനന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: