സിപി ഐയ്ക്കു വിവരക്കേടെന്ന് മന്ത്രി മണിയുടെ പുതിയ കണ്ടുപിടിത്തം. അതിരപ്പള്ളി പദ്ധതിയുമായി നിലനില്‍ക്കുന്ന കലഹവുമായി ബന്ധപ്പെട്ട് സിപി ഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തുന്നതിനിടെയാണ് മണിയാശാന്റെ പുതിയ സുവിശേഷം പുറത്തുവന്നത്.
ഇതുകേട്ട് സിപിഎംപോലും വാപൊത്തി ചിരിച്ചിട്ടുണ്ടാകും.എങ്ങനെ ചിരിക്കാതിരിക്കും. വിവരക്കേടെന്നു പറയുന്നതാരാ സാക്ഷാല്‍ മണിയാശാന്. ഇങ്ങനെയുള്ള ആള്‍ക്ക് വിവരക്കേട് എന്താണെന്ന് അറിയാനുള്ള വിവരമെങ്കിലും വേണം. മണിയാശാനായതുകൊണ്ട് അതുംവേണ്ടെന്നാകും.
രാഷ്ട്രീയം എന്ന സമ്മര്‍ദ കലാപരിപാടി കൊടുംപിരികൊള്ളുമ്പോള്‍ ഇത്തരം കോമഡികള്‍ നല്ലതാണ്. അങ്ങനെ ഒരാള്‍ ഉണ്ടാകട്ടെയെന്ന് വിചാരിച്ചാവണം മുഖ്യമന്ത്രി പിണറായി വിജയന് തന്നെ മണിയെ മന്ത്രിയാക്കിയത്. വലിയ വിവരമുള്ളവരെന്നു പറയുന്നവര്‍ തന്നെ എന്തെല്ലാം മണ്ടത്തരം പറയുന്നു!പിന്നെയാണ് മണിയാശാന്.
എന്തായാലും മറ്റൊന്നും നടക്കുന്നില്ലെങ്കിലും പിണറായി മന്ത്രിസഭ വിവാദംകൊണ്ടു സമ്പന്നമാണ്.പോക്കണംകേടാണെങ്കിലും സിപി ഐയുമായി സ്ഥിരം നടക്കുന്ന കലഹപ്പരിപാടി മാത്രമാണ് മന്ത്രിസഭയെ ആകെ ചലിപ്പിക്കുന്നത്. അതുകൂടി ഇല്ലായിരുന്നുവെങ്കില്‍ മൃതദേഹാവസ്ഥയായേനേ. കാനം ഉള്ളതുകൊണ്ട് ചെന്നിത്തലയ്ക്കു തലവേദനയില്ല.കക്ഷി പറയേണ്ടതും പറയാതെ വിഴുങ്ങുന്നതും കാനം പറഞ്ഞോളും.
എല്ലാംകൊണ്ടും അതിക്കുംമേലെ എന്നു പറയുംപോലെയാണ് കേരളത്തിലെ കാര്യങ്ങള്‍.പേരിനൊരു മുഖ്യമന്ത്രി പേരിനൊരു ഭരണം.എന്തായാലും ഇതിലും നന്നായി ഭരിക്കാന്‍ തനിക്കാവുമെന്ന് കേരളത്തിലെ ഓരോ സാധാരണക്കാരനും തോന്നുന്നുണ്ടാവണം.ആകെ കൃത്യമായി നടക്കുന്നത് ബക്കറ്റുപിരിവാണ്. പിരിവുകൊടുത്തില്ലെങ്കില് എന്താണ് സംഭവിക്കുന്നതെന്ന് പൊതുജനത്തിനറിയാം.
ജീവനില്പേടിയുള്ളതിനാല് തുലയട്ടെ എന്നു പ്രാകിക്കൊണ്ടാണ് കൊടുക്കുന്നതെന്നുമാത്രം. അങ്ങനെ എല്ലാംകൊണ്ടും പൊറുതിമുട്ടിയിരിക്കുന്നതിനിടെയാണ് മണിയുടെ പുതിയ കോമഡി. ഇനി കുറച്ചുകാലത്തേക്കു ചിരിക്കാനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: