അപകടക്കെണിയായി കാനകള്‍; നടപടിയെടുക്കാതെ അധികൃതര്‍

Thursday 17 August 2017 11:00 pm IST

തൃശൂര്‍: എം.ജി റോഡില്‍ റെയില്‍വേ മേല്‍പ്പാലം മുതല്‍ നടുവിലാലുവരെയുള്ള പ്രദേശത്തെ കാനയുടെ സ്ലാബുകള്‍ തകര്‍ന്ന നിലയില്‍. റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്ത് റോഡിലേക്ക് ഇറങ്ങിയുള്ള ഭാഗത്തെ സ്ലാബ് കഴിഞ്ഞ ദിവസം ഇടിഞ്ഞ് താഴ്ന്നിരുന്നു. ഇത് കാല്‍നടയാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ഭീഷണിയാവുകയാണ്. കഴിഞ്ഞ ദിവസം റെയില്‍വേ മേല്‍പ്പാലത്തില്‍ പൊളിഞ്ഞ് കിടക്കുന്ന സ്ലാബില്‍ തട്ടി വീണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു. പലഭാഗത്തും കാലപ്പഴക്കത്തെ തുടര്‍ന്ന് ഏത് നിമിഷവും തകരുന്ന നിലയിലാണ് സ്ലാബുകള്‍. നിലവില്‍ കാല്‍നടയാത്രക്കാര്‍ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്. നഗരത്തിലെ ഷോപ്പിങ്ങ് മാളിന് സമീപത്തെ കാനയുടെ സ്ലാബ് തകര്‍ന്നിട്ട് ഇതുവരെ അറ്റകുറ്റപ്പണിചെയ്യാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തയ്യാറായിട്ടില്ല. കാനയുടെ മുകളില്‍ പുതുതായി സ്ഥാപിച്ച സ്ലാബുകള്‍ കൃത്യമായി ഇടാനും അധികൃതര്‍ തയ്യാറായിട്ടില്ലന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.