ചൈനീസ് മേല്‍ക്കൈ തടയുക ലക്ഷ്യം; ടെലികോം, ഊര്‍ജ്ജ മേഖലകളില്‍ ഇന്ത്യ നിയന്ത്രണം ശക്തമാക്കുന്നു

Friday 18 August 2017 8:11 pm IST

ന്യൂദല്‍ഹി: ടെലികോം, ഊര്‍ജ്ജ മേഖകലളിലെ പ്രവര്‍ത്തനത്തിനും വ്യവസായത്തിനും ഇന്ത്യ നിബന്ധനകള്‍ ശക്തമാക്കുന്നു. കംപ്യൂട്ടറുകള്‍ തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍ തടയുന്നതിന് രണ്ട് മേഖലകളിലെയും സാങ്കേതിക സംവിധാനങ്ങള്‍ പരിശോധിക്കുന്നതും കര്‍ക്കശമാക്കിയിട്ടുണ്ട്. ഈ മേഖലകളിലെ ചൈനയുടെ മേല്‍ക്കൈ തടയുകയാണ് ലക്ഷ്യം. അതിര്‍ത്തിയില്‍ ചൈന നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ചൈനയുടെ സൈബര്‍ ആക്രമണവും ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. ഊര്‍ജ്ജ വിതരണ കരാര്‍ നിബന്ധനകള്‍ സംബന്ധിച്ച് തദ്ദേശീയ കമ്പനികള്‍ക്ക് അനുകൂലമായ തരത്തില്‍ കേന്ദ്ര വൈദ്യുതി ബോര്‍ഡ് (സിഇഎ) തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. പുതിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ടിനെ പിന്തുണക്കുമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ. ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന വിദേശ കമ്പനികള്‍ കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും രാജ്യത്ത് പ്രവര്‍ത്തിച്ചിരിക്കണമെന്നതാണ് പ്രധാന നിബന്ധന. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ പൗരന്മാരായിരിക്കണം. വിദേശ ജീവനക്കാര്‍ നിശ്ചിത കാലയളവ് ഇന്ത്യയില്‍ താമസിച്ചവരാകണം. അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്നത് സംബന്ധിച്ച് വിശദീകരണം നല്‍കണം. സാങ്കേതിക സംവിധാനങ്ങള്‍ അപകടത്തിലാക്കുന്ന പ്രവര്‍ത്തനമുണ്ടായാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം വിലക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചൈനയുടെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ലെങ്കിലും സുരക്ഷാ മുന്‍കരുതലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഊര്‍ജ്ജ മേഖലയിലെ സൈബര്‍ ആക്രമണം വെല്ലവിളിയാണെന്ന് സിഇഎ ചെയര്‍മാന്‍ ആര്‍.കെ. വര്‍മ ചൂണ്ടിക്കാട്ടി. ചൈനീസ് കമ്പനികളായ ഹാര്‍ബിന്‍ ഇലക്ട്രിക്, ഡോംഗ്ഫാംഗ് ഇലക്ട്രോണിക്‌സ്, ഷാംഗ്ഹായ് ഇലക്ട്രിക്, സിഫാംഗ് ഓട്ടോമേഷന്‍ തുടങ്ങിയവയാണ് രാജ്യത്തെ പ്രധാനപ്പെട്ട 18 നഗരങ്ങളില്‍ സാങ്കേതിക ഉപകരണങ്ങള്‍ നല്‍കുകയോ വൈദ്യുതി നിയന്ത്രണ സംവിധാനം നിയന്ത്രിക്കുകയോ ചെയ്യുന്നത്. ഇന്ത്യന്‍ കമ്പനികള്‍ ഇതിനെതിരെ കാലങ്ങളായി രംഗത്തുണ്ട്. സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് പുറമെ ചൈനീസ് മാര്‍ക്കറ്റില്‍ തങ്ങള്‍ക്ക് പകരം അവസരം ലഭിക്കുന്നില്ലെന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സുരക്ഷാ മാനദണ്ഡങ്ങളുള്‍പ്പെടെ വിശദമാക്കാനാവശ്യപ്പെട്ട് 21 സ്മാര്‍ട്‌ഫോണ്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇതില്‍ ഭൂരിഭാഗവും ചൈനീസ് കമ്പനികളാണ്. സിയോമി, ലെനോവ, ഓപ്പോ, ജിയോണീ എന്നീ ചൈനീസ് കമ്പനികളാണ് ഇന്ത്യയിലെ ടെലികോം മാര്‍ക്കറ്റിന്റെ പകുതിയിലേറെയും നിയന്ത്രിക്കുന്നത്.