കമ്പനികളിലെ സ്വകാര്യവത്കരണം വേഗത്തിലാക്കുന്നു

Friday 18 August 2017 8:24 pm IST

ന്യൂദല്‍ഹി : രാജ്യത്തെ പൊതു സ്വകാര്യ വത്കരണത്തിനുള്ള നടപടികള്‍ കേന്ദ്രം വേഗതയിലാക്കുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ഓഹരി വില്‍പ്പനയ്ക്കുള്ള നടപടികള്‍ വേഗതയിലാക്കാനും സാമ്പത്തിക വകുപ്പ് പ്രത്യേക സമിതി (സിസിഇഎ) ഇതിനുള്ള അംഗീകാരവും കഴിഞ്ഞ ദിവസം നല്‍കി. സിസിഇഎയുടെ അംഗീകാരം ലഭിച്ചെങ്കില്‍ മാത്രമേ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിച്ച് സ്വകാര്യവത്കരിക്കാന്‍ സാധിക്കൂ. 2017- 18ല്‍ ഇത്തരത്തില്‍ 72,500 കോടിയുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്രം ലക്ഷ്യം വെച്ചിരിക്കുന്നത്. കൂടാതെ ഈ സാമ്പത്തിക വര്‍ഷം തന്നെ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ 51 ശതമാനം ഓഹരികള്‍ ഒഎന്‍ജിസി ലിമിറ്റഡിന് വില്‍ക്കാനുള്ള നടപടി പൂര്‍ത്തീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. 33,8000. കോടിയുടെ ഓഹരികള്‍ ഇത്തരത്തില്‍ കൈമാറ്റം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഇതുകൂടാതെ രാജ്യത്ത് നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളും സ്വകാര്യവത്കരിക്കാന്‍ കേന്ദ്രം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 2016- 17 സാമ്പത്തിക വര്‍ഷത്തില്‍ 20,500 കോടിയുടെ ഓഹരികള്‍ സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ചെങ്കിലും 5,500 കോടിയുടെ മാത്രമാണ് വിറ്റഴിക്കാനായത്.