ഹോം » കേരളം » 

ഉഴവൂര്‍ വിജയന്റെ മരണം: വനിതാ കമ്മീഷന്‍ പരാതി അവഗണിച്ചതായി ആക്ഷേപം

പ്രിന്റ്‌ എഡിഷന്‍  ·  August 19, 2017

കോട്ടയം: അന്തരിച്ച എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ ഭാര്യയെയും പെണ്‍മക്കളെയും അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തെക്കുറിച്ചു പരാതി നല്‍കിയിട്ട് മറുപടി പോലും നല്‍കാത്ത സംസ്ഥാന വനിതാ കമ്മീഷന്റെ നടപടി ഖേദകരമാണെന്ന് പരാതിക്കാരിയും എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി അംഗവുമായ റാണി സാംജി കുറ്റപ്പെടുത്തി.

11ന് സംഭവം സംബന്ധിച്ചുള്ള പരാതി വനിതാ കമ്മീഷന്റെ ഔദ്യോഗിക ഇ മെയിലില്‍ നല്‍കിയിരുന്നു. ഇതോടൊപ്പം മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി അന്നു തന്നെ നടപടിക്കായി പരാതി ഡിജിപിക്കു കൈമാറി. കൈമാറിയത് സംബന്ധിച്ചു അറിയിപ്പും ലഭ്യമാക്കി.
വനിതകളായ മൂന്നു പേരെ അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ ക്രിയാത്മക ഇടപെടല്‍ നടത്തുമെന്ന പ്രതീക്ഷയിലാണ് വനിതാ കമ്മീഷനെ സമീപിച്ചതെന്നു റാണി വ്യക്തമാക്കി.

എന്നാല്‍ പരാതി കിട്ടിയതായിപോലും കമ്മീഷന്‍ അറിയിപ്പ് നല്‍കാത്തത് ദുഃഖകരമാണ്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഉഴവൂര്‍ വിജയന്റെ മരണത്തിനിടയാക്കിയ സംഭവത്തെക്കുറിച്ചാണ്. സര്‍ക്കാര്‍ ഇതിനായി െ്രെകംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കുകയും അന്വേഷണം നടത്തി വരികയുമാണ്. അപകീര്‍ത്തിപരമായ പരാമര്‍ശത്തെക്കുറിച്ചു അന്വേഷണം നടത്തണമെന്ന പരാതി വനിതാ കമ്മീഷന്‍ പരിഗണിക്കാത്തത് വിഷമമുണ്ടാക്കിയതായും റാണി സാംജി പറഞ്ഞു.

Related News from Archive
Editor's Pick