പ്രായോഗിക വേദാന്തത്തിന്റെ പ്രസക്തി

Friday 18 August 2017 9:06 pm IST

ഒഴുകിക്കൊണ്ടിരിക്കുന്ന നദിയുടെയും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന യതിയുടെയും ഉത്ഭവം അനേ്വഷിക്കുന്നതില്‍ അസാംഗത്യം ഉണ്ടെന്നാണല്ലോ ആചാര്യമതം. എങ്കിലും ബഹുഭൂരിപക്ഷംവരുന്ന സാധാരണക്കാര്‍ക്കായി ധര്‍മ്മപ്രചരണാര്‍ത്ഥം സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു തീര്‍ത്ഥത്തെ പരിചയപ്പെടുകയെന്നത് പുണ്യംതന്നെയാണ്. കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് കേരളത്തിലെ ഓരോ ജില്ലയിലും ധര്‍മ്മ സംവാദം നടന്നുകൊണ്ടിരിക്കുകയാണല്ലോ. അവസരവാദികളായ നവവേദാന്തികളില്‍നിന്നും ആദര്‍ശത്തിന്റെ പ്രായോഗികവേദാന്തത്തിലേക്കുള്ള പ്രയാണമാണ് ധര്‍മ്മ സംവാദം. സനാതന ധര്‍മ്മാവലംബികള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്ന ഈ ധര്‍മ്മസംവാദത്തിന്റെ സാരഥിയായ ചിദാനന്ദപുരി സ്വാമികളുമായുള്ള അഭിമുഖത്തില്‍ നിന്ന്. സാമൂഹികസമുദ്ധാരണത്തിന് വേദാന്ത ചിന്തയ്ക്കുള്ള സ്ഥാനമെന്ത്? വേദാന്തത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ച മഹാത്മാക്കളുടെ പരിശ്രമഫലമായാണ് കേരളം പ്രകാശത്തിലേക്ക് വന്നത്. ശ്രീനാരായണഗുരുദേവന്‍ തികഞ്ഞ വേദാന്തിയായിരുന്നു. വേദാന്തനിഷ്ഠയില്‍ ഇരുന്നുകൊണ്ടാണ് ഗുരുദേവന്‍ ലോകസംഗ്രഹാര്‍ത്ഥം പ്രവര്‍ത്തിച്ചത്. ചട്ടമ്പിസ്വാമികള്‍ ഉപാസനാനിഷ്ഠയിലൂടെയുള്ള അനുഭൂതിവിശേഷത്തിലും വേദാന്തത്തിലും അടിയുറച്ച മഹാത്മാവായിരുന്നു. അതുപോലെ ശ്രീരാമകൃഷ്ണ ശിഷ്യനായിരുന്ന നിര്‍മ്മലാനന്ദസ്വാമികള്‍ വേദാന്തത്തില്‍ അധിഷ്ഠിതമായാണ് കേരളത്തില്‍ പ്രവര്‍ ത്തിച്ചത്. വേദാന്തം മനുഷ്യനെ ഭൗതിക ജീവിതത്തില്‍ നിന്നകറ്റി കേവലം ദരിദ്രമായ ഒരവസ്ഥയിലേക്ക് തള്ളുന്ന ഒരു പ്രത്യയ ശാസ്ത്രമാണെന്നുള്ള പ്രചാരണത്തെക്കുറിച്ച് എന്താണ് അഭിപ്രായം? വേദാന്ത ശാസ്ത്രം പഠിച്ച ഒരാചാര്യനും ദാരിദ്ര്യത്തെ പ്രാപിക്കാന്‍ ഉപദേശിക്കുകയില്ല. വ്യവഹാരികവും ആത്യന്തികവുമായ സമ്പന്നതയിലേയ്ക്കുള്ള മാര്‍ഗമാണ് വേദാന്തം. വിപരീത പ്രചാരണം നടക്കുന്നത് യഥാര്‍ത്ഥ ശാസ്ത്രബോധം ഇല്ലാത്തതിനാലാണ്. സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടാനായി ബോധപൂര്‍വം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ശ്രീശങ്കരദര്‍ശനത്തില്‍ നിന്നും ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനം വിഭിന്നമാണോ? ശ്രീശങ്കരാചാര്യര്‍ തന്റെ പ്രകരണങ്ങളിലൂടെയും ഭാഷ്യത്തിലൂടെയും വെളിപ്പെടുത്തിയ അദ്വൈതചിന്തയും ശ്രീനാരായണ ഗുരുദേവന്‍ സ്വകൃതികളിലൂടെ വെളിപ്പെടുത്തിയതും ഏകമാണ്. അല്പംപോലും ഭേദമില്ലാത്തതാണ്. ശ്രീശങ്കരന്‍ ദാര്‍ശനികമായി പറഞ്ഞതുതന്നെ നമുക്കും പറയാനുള്ളൂ എന്ന് ഗുരുദേവന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഗുരുദേവകൃതികള്‍ സമ്പ്രദായത്തിന് യോജിക്കാത്തവിധം വ്യാഖ്യാനങ്ങള്‍ചെയ്ത് ഇത് ശങ്കരാചാര്യരുടെ രീതിയിലുള്ളതല്ലെന്ന് സമര്‍ത്ഥിക്കാനുള്ളതാണ് പുതിയ പ്രവണത. ഇത് ഗുരുദേവ കൃതികളോട് ചെയ്യുന്ന മഹാപരാധമാണ്. പ്രായോഗിക വേദാന്തത്തിന്റെ പ്രചാരകനായിരുന്നു വിവേകാനന്ദസ്വാമികള്‍. അദ്ദേഹത്താല്‍ ആരംഭിച്ച പ്രസ്ഥാനം പോലും കേരളത്തില്‍ വേദാന്തപ്രചാരണത്തില്‍ വിജയിക്കുന്നുണ്ടോ? സാമ്പ്രദായികന്‍മാര്‍ പറയുന്ന ജ്ഞാനകര്‍മ്മ വിരുദ്ധതയും ആധുനികന്‍മാര്‍ പറയുന്ന യോഗബുദ്ധ്യാ കര്‍മ്മങ്ങള്‍ ആചരിക്കുകയെന്നുള്ളതും വിരുദ്ധമല്ല എന്നിരിക്കെ അങ്ങനെ ആരംഭിച്ച പ്രസ്ഥാനങ്ങള്‍പോലും അതില്‍നിന്നും അകന്നുപോകുന്നത് എങ്ങനെയെന്നാണെങ്കില്‍ അത് വ്യക്തികളുടെ പരാജയമാണ്, ആദര്‍ശത്തിന്റെ ദോഷമല്ല. സ്ഥാനമാനങ്ങളുമായും പേരും പ്രശസ്തിയുമായും ബന്ധപ്പെട്ട് കഴിയുന്ന സമയത്ത് അവയെ ദഹിപ്പിക്കാനുള്ള തപസ്സ് ഇല്ലെങ്കില്‍ അറിയാതെ അതില്‍ ക്ഷയിച്ചുപോകുകയെന്നുള്ളത് സഹജമാണ്, സ്വാഭാവികമാണ്. സനാതനധര്‍മ്മത്തെ പ്രചരിപ്പിക്കാന്‍ ആരംഭിച്ച ആശ്രമങ്ങള്‍ വേദാന്തചിന്തയെ അടിസ്ഥാനമാക്കിയുള്ള സമന്വയത്തിലേക്ക് നീങ്ങുന്നതിനുപകരം വിയോജിപ്പിന്റെ പാത സ്വീകരിക്കുന്നത് എന്തുകൊണ്ടാണ്? ശരിയായ ശാസ്ത്രബോധം ഉള്‍ക്കൊള്ളുന്നില്ലന്നതുതന്നെ പ്രധാന കാരണം. വാസ്തവത്തില്‍ നാം ഉപനിഷത്തുകളിലേക്ക് നോക്കി കഴിഞ്ഞാല്‍ സന്യാസിമാര്‍ 8 മാസം സഞ്ചരിക്കുകയും 4 മാസം ഒരു സ്ഥലത്തു താമസിക്കുകയും ചെയ്യുന്ന ഒരു സമ്പ്രദായമായിരുന്നു കാണാന്‍ കഴിയുക. അതില്‍നിന്ന് മാറി മഠ സ്ഥാപനം ചെയ്തത് ശങ്കരാചാര്യാദിസ്വാമികളാണ്. സനാതനധര്‍മ്മത്തിന്റെ പ്രചാരണത്തിനുവേണ്ടിയാണ് ഇങ്ങനെ ചെയ്തത്. തുടര്‍ന്നാണ് ശിഷ്യപ്രശിഷ്യതച്ഛിഷ്യ പരമ്പരകള്‍ വ്യാപിക്കുന്നത്. ഓരോ ആശ്രമപ്രവര്‍ത്തകരും ആലോചിക്കേണ്ടത് അടിസ്ഥാനപരമായി ശാസ്ത്രപ്രചാരണത്തിനുവേണ്ടിയാണ് മഠ സ്ഥാപനം എന്ന വാസ്തവമാണ്. വേദാന്ത ശാസ്ത്രത്തില്‍ അടിയുറച്ച ജീവിതക്രമത്തിനെ സമാജത്തിന് മാര്‍ഗദര്‍ശനം നല്‍കാന്‍ കഴിയൂ.