ഹോം » ഭാരതം » 

തമിഴകത്ത് ലയനം ഉടന്‍

പ്രിന്റ്‌ എഡിഷന്‍  ·  August 19, 2017

ന്യൂദല്‍ഹി: മുഖ്യമന്ത്രി ഇ. പളനി സ്വാമി-മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ഗ്രൂപ്പുകള്‍ ലയിക്കാന്‍ എഐഎഡിഎംകെയില്‍ ധാരണയായെന്നു സൂചന. പളനിസ്വാമി മന്ത്രിസഭയില്‍ പ്രധാന വകുപ്പുകളോടെ ഉപമുഖ്യമന്ത്രിയായി പനീര്‍ശെല്‍വം ചുമതലയേല്‍ക്കാനാണ് സാധ്യത. എന്‍ഡിഎയുടെ ഘടക കക്ഷിയായി കേന്ദ്രമന്ത്രിസഭയിലും എഐഎഡിഎംകെ പ്രാതിനിധ്യമുണ്ടാകും.

ചെന്നൈ മറീന ബീച്ചിലെ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സമാധിയിലെത്തി ഇരു വിഭാഗത്തിന്റേയും നേതാക്കള്‍ ഒരുമിച്ച് ലയനം പ്രഖ്യാപിക്കും. മുതിര്‍ന്ന നേതാവ് മൈത്രേയനായിരിക്കും കേന്ദ്രമന്ത്രിസഭയിലെ പ്രതിനിധി. മൈത്രേയന് ക്യാബിനറ്റ് പദവി ലഭിക്കും. ഒരു സഹമന്ത്രിസ്ഥാനവും എഐഎഡിഎംകെയ്ക്ക് നല്‍കിയേക്കും. പാര്‍ട്ടിയുടെ ഉപദേശക സമിതി അധ്യക്ഷനായും പനീര്‍ശെല്‍വം ചുമതലയേറ്റേക്കും. ഇന്ന് മുന്‍ മുഖ്യമന്ത്രി എംജിആറിന്റെ ജന്മശതാബ്ദി ആഘോഷത്തില്‍ പനീര്‍ശെല്‍വവും പളനി സ്വാമിയും ഒന്നിച്ചു പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും ദല്‍ഹിയിലെത്തി കണ്ടശേഷമാണ് ഇരുവിഭാഗവും ലയനത്തിന് സജ്ജമായത്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാകാനും എഐഎഡിഎംകെ തീരുമാനിച്ചിരുന്നു.
234 അംഗ തമിഴ്‌നാട് നിയമസഭയില്‍ 134 എംഎല്‍എമാരുടെ പിന്തുണയാണ് എഐഎഡിഎംകെയ്ക്കുള്ളത്. ശശികല വിഭാഗം വിളിച്ചു ചേര്‍ത്ത സമ്മേളനത്തില്‍ ഇരുപത് എംഎല്‍എമാരും നാല് എംപിമാരും പങ്കെടുത്തിരുന്നു. ശശികല വിഭാഗം പിന്തുണ പിന്‍വലിച്ചാല്‍ പളനിസ്വാമിക്ക് 114 പേരുടെ പിന്തുണ മാത്രമേ ഉണ്ടാകൂ. 117 എംഎല്‍എമാരുടെ പിന്തുണയെങ്കിലും ആവശ്യമായി വരും.

ശശികലയ്‌ക്കൊപ്പം നില്‍ക്കുന്ന പകുതിയോളം പേരെ ലയനത്തോടെ തിരികെ എത്തിക്കാനാവുമെന്ന് പനീര്‍ശെല്‍വവും പളനിസ്വാമിയും കരുതുന്നു. ഇരുവിഭാഗവും ലയിക്കുന്ന വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തില്‍ ദിനകരന്‍ വിഭാഗം വിളിച്ച യോഗത്തില്‍ മൂന്ന് എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്. ഇതും പളനിസ്വാമി-പനീര്‍ശെല്‍വം ക്യാമ്പിനെ ആവേശത്തിലാക്കി.

ജയലളിതയുടെ മരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഇരു വിഭാഗവും ലയിക്കാന്‍ തീരുമാനിച്ചത്. അതിനിടെ അനധികൃത സ്വത്ത് സമ്പാദന കേസിലെ സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും.

Related News from Archive
Editor's Pick