ഹോം » ലോകം » 

ജനക്കൂട്ടത്തിനു നേരെ ആക്രമണം; ഭീകരാക്രമണ ഭീതിയില്‍ റഷ്യ

വെബ് ഡെസ്‌ക്
August 19, 2017

മോസ്‌കോ: റഷ്യയില്‍ ജനക്കൂട്ടത്തിന് നേരെ അജ്ഞാതന്റെ കത്തിയാക്രമണം. കത്തികൊണ്ടുള്ള കുത്തേറ്റ് എട്ട് പേര്‍ക്കാണ് പരിക്കേറ്റത്. റഷ്യയിലെ സ്വയംഭരണ പ്രദേശമായ ഹന്‍തി മന്‍സിസ്‌കിലുള്ള സുര്‍ഗുത് നഗരത്തിലാണ് കത്തിയാക്രമണം നടന്നത്. പ്രാദേശികസമയം പകല്‍ 11.20 നാണ് ആക്രമണം നടന്നത്. അക്രമിയെ പിന്നീട് പോലീസ് വെടിവെച്ച് കൊന്നു.

ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. അക്രമത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. അതേസമയം രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹന്‍തി മന്‍സിസ്‌കിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ് സുര്‍ഗുത്.

350,000 ജനസംഖ്യയുള്ള ഹന്‍തി മന്‍സിസ്‌ക് റഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ, ഗ്യാസ് ഉത്പാദന കേന്ദ്രമാണ്. ആക്രമണത്തിന്റെ കാരണം എന്താണെന്നോ ആരാണ് ഇതിന് പിന്നിലെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. ഭീകരാക്രണമാണോ എന്ന പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഫിന്‍ലന്‍ഡിലെ തുര്‍ക്കു നഗരത്തില്‍ നിരവധി പേരെ കുത്തിപ്പരിക്കേല്‍പ്പിച്ച സമാനസംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനക്കൂട്ടത്തിനിടയിലേക്ക് വാഹനങ്ങള്‍ ഇടിച്ചു കയറ്റിയും കത്തികൊണ്ട് ആളുകളെ കുത്തിക്കൊല്ലുകയുമാണ് ഭീകരര്‍ ഇപ്പോള്‍ നടപ്പിലാക്കുന്ന ആക്രമണ രീതികളെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സ്‌പെയിനിലടക്കം യൂറോപ്യന്‍ രാജ്യങ്ങളില്‍ അടുത്ത കാലത്തു നടന്ന ഭീകരാക്രമണങ്ങള്‍ ഇത്തരത്തിലുള്ളവയാണ്.

Related News from Archive
Editor's Pick