ഹോം » കേരളം » 

അന്‍വറിന്റെ തീം പാര്‍ക്ക് പൂട്ടില്ല

വെബ് ഡെസ്‌ക്
August 19, 2017

കോഴിക്കോട്: കൂടരഞ്ഞി കക്കാടം പൊയിലില്‍ ഇടത് സ്വതന്ത്ര എംഎല്‍എ പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്വറോ വാട്ടര്‍ തീം പാര്‍ക്കിന് പഞ്ചായത്ത് ഭരണസമതിയുടെ പച്ചക്കൊടി. ഇന്നലെ പ്രത്യേക ഭരണസമിതി യോഗത്തിലാണ് പാര്‍ക്ക് തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഭരണസമിതി അനുമതി നല്‍കിയത്. യുഡിഎഫ് ഭരണത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയില്‍ ആറംഗങ്ങളുള്ള എല്‍ഡിഎഫും തീരുമാനത്തെ ഒറ്റക്കെട്ടായി പിന്തുണച്ചു.

ഒന്നരമണിക്കൂര്‍ പ്രത്യേക യോഗത്തിന് ശേഷം പാര്‍ക്കിന്റെ അനുമതിയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് ചെയര്‍മാനും കക്കാടം പൊയില്‍ വാര്‍ഡ് അംഗവും സിപിഎം നേതാവുമായ കെ.എസ്. അരുണ്‍ കുമാര്‍ കണ്‍വീനറുമായ ഏഴംഗ ഉപസമിതിയെ ചുമതലപ്പെടുത്തി. പാര്‍ക്കിനെതിരെ വിവാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ ഉപസമിതിയെ നിശ്ചയിച്ചതെന്നാണ് പഞ്ചായത്ത് ഭരണസമതി വ്യക്തമാക്കുന്നത്. 31 ന് വീണ്ടും യോഗം ചേര്‍ന്ന് ഉപസമിതി റിപ്പോര്‍ട്ട് പരിശോധിക്കും.

തീം പാര്‍ക്ക് പൂട്ടാന്‍ ഉദ്ദേശമില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പാര്‍ക്ക് നടത്താനാവശ്യമായ അഞ്ച് അനുമതി രേഖകള്‍ പഞ്ചായത്തിന് ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍പൂട്ടുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നുമാണ് പഞ്ചായത്ത് ഭരണസമിതിയുടെ നിലപാട്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി പിന്‍വലിച്ചെന്ന് വാര്‍ത്തകള്‍ വന്നതല്ലാതെ പഞ്ചായത്തിന് രേഖാമൂലം അറിയിപ്പ് കിട്ടിയില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അറിയിപ്പ് ലഭിച്ചാല്‍ ചട്ടപ്രകാരം നോട്ടീസ് നല്‍കും.

സ്വതന്ത്ര അംഗമായി വിജയിച്ച സോളി ജോസഫ് പ്രസിഡന്റായ കൂടരഞ്ഞി പഞ്ചായത്തില്‍ യുഡിഎഫിനും കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ ഒരംഗത്തിന്റെ പിന്തുണയോടെ എല്‍ഡിഎഫിനും ഏഴംഗങ്ങള്‍ വീതമാണുള്ളത്.

Related News from Archive
Editor's Pick