സിപിഎം നേതാക്കള്‍ക്കെതിരെ അന്വേഷണം പുനരാരംഭിച്ചു

Saturday 19 August 2017 11:06 pm IST

കണ്ണൂര്‍: എംഎസ്എഫ് നേതാവ് അരിയില്‍ അബ്ദുള്‍ ഷുക്കൂറിനെ വെട്ടിക്കൊന്ന കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരേയുള്ള അന്വേഷണം സിബിഐ പുനരാരംഭിച്ചു. പ്രതികളായ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും കല്ല്യാശേരി എംഎല്‍എ ടി.വി. രാജേഷിനുമെതിരെയുള്ള അന്വേഷണമാണ് വീണ്ടും തുടങ്ങിയത്. തലശേരിയിലെ ക്യാംപ് ഓഫീസ് കേന്ദ്രീകരിച്ചാണ് അന്വേഷണം. കേസിലെ ചില പ്രതികളെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തു. സാക്ഷികളില്‍ നിന്ന് മൊഴിയെടുക്കലും ആരംഭിച്ചു. തുടരന്വേഷണം സിബിഐയ്ക്ക് വിട്ടതിനെതിരേ പി. ജയരാജനും ടി.വി. രാജേഷും നല്‍കിയ അപ്പീല്‍ തള്ളിയ ഡിവിഷന്‍ ബെഞ്ച് അന്വേഷണത്തിന് അനുമതി നല്‍കിയിരുന്നു. 2012 ഫെബ്രുവരി 20നാണ് എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം ഖജാന്‍ജിയായിരുന്ന അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകനെ സന്ദര്‍ശിക്കാനെത്തിയ പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനം ഒരുസംഘം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നാരോപിച്ചാണ് കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കീഴറ വള്ളുവന്‍കടവ് വയലില്‍ ഷുക്കൂറിനെ സിപിഎം സംഘം വെട്ടിക്കൊന്നത്.