തിരുവനന്തപുരം: അവശ്യ മരുന്നുകള്‍ വന്‍ വിലക്കുറവില്‍ നല്കുന്ന ജന്‍ഔഷധി പദ്ധതിയെ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ കൂട്ടുനില്‍ക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ .എന്‍ രാധാകൃഷ്ണന്. 2008 ല്‍ ആരംഭിച്ച പദ്ധതി പ്രകാരം ഒരു മെഡിക്കല്‍ സ്റ്റോര്‍ പോലും തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്കൈയെടുക്കാത്തതിനെപ്പറ്റി അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ ഭരണകക്ഷികള്‍ മരുന്നു ലോബിയുമായി നടത്തിയ ഗൂഡാലോചന മൂലമാണ് ജന്‍ഔഷധി പദ്ധതി അനുസരിച്ച് മെഡിക്കല്‍ സ്റ്റോറുകള്‍ സംസ്ഥാനത്ത് തുടങ്ങാന്‍ സാധിക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ഫലം ജനങ്ങള്ക്കെത്തിക്കാനാണ് കൊച്ചി ആസ്ഥാനമായ സൈനിന്റെ (ടകഏച) ആഭിമുഖ്യത്തില്‍ മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങാന്‍ മുന്‍കൈയെടുത്തത്. എന്നാല്‍ അതിനെതിരെ പ്രചരണം നടത്തിയും പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. 100 രൂപ മാത്രം മുടക്കിയാല്‍ തുടങ്ങാന്‍ സാധിക്കുന്ന സ്റ്റോറുകള്‍ക്ക് 2000 രൂപ ഈടാക്കുന്നു എന്നത് വ്യാജപ്രചരണമാണ്. പദ്ധതി പ്രകാരം മെഡിക്കല്‍ സ്റ്റോര്‍ അനുവദിക്കാന്‍ നേരത്തെ 2000 രൂപയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഈടാക്കിക്കൊണ്ടിരുന്നത്. 108 മെഡിക്കല്‍ സ്റ്റോറുകള്‍ 2000 രൂപ നിരക്കില്‍ കെട്ടിവെച്ചാണ് സൈന്‍ അനുമതി നേടിയത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജന്‍ഔഷധി സ്റ്റോറുകള്‍ക്ക് അനുമതി കിട്ടിയിരിക്കുന്നത് ഭാരത് സേവക് സമാജിനും പണിക്കര്‍ ഫൗണ്ടേഷനുമാണ്. രണ്ടു കൂട്ടര്‍ക്കും 200 സ്റ്റോറുകള്‍ വീതം തുടങ്ങാനുള്ള അനുമതി കിട്ടിയിട്ടുണ്ട്. എന്നാല്‍ സൈനിന് 108 എണ്ണത്തിനുള്ള അനുമതി മാത്രമേ കിട്ടിയിട്ടുള്ളൂ. ജന്ൗഷധി സ്റ്റോറിന്റെ മറവില്‍ കോടികളുടെ അഴിമതിയെന്ന വ്യാജ വാര്‍ത്ത നല്കിയ കൈരളി ചാനലിനും ദേശാഭിമാനിക്കും എതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിന് ഏറ്റവും പ്രയോജനം കിട്ടുമായിരുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായാ കൗശല്‍ യോജന നടപ്പാക്കാന്‍ സംസ്ഥാനം താത്പര്യം കാണിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. ഗള്‍ഫ് മേഖലയില്‍ ജോലിക്കു പോകുന്ന മലയാളികള്‍ക്ക് ഏറ്റവും പ്രയോജനം കിട്ടുന്ന പദ്ധതിയാണിത്. ഇതിന് അവഗണിക്കുന്നത് യുവാക്കളോടുള്ള വെല്ലുവിളിയാണ്. സ്വാശ്രയ മെഡിക്കല്‍ ഫീസില്‍ വന്‍ വര്‍ദ്ധന നടത്തിയ സര്‍ക്കാര്‍ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് കീഴടങ്ങി. ഇതിന് പിന്നില്‍ ആസൂത്രിതവും സംഘടിതവുമായ നീക്കമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: