ഹോം » വിചാരം » കത്തുകള്‍

അന്‍സാരിയുടെ ആ പരാമര്‍ശം സത്യവിരുദ്ധം

August 20, 2017

ഇന്ത്യയില്‍ മുസ്ലിങ്ങള്‍ അരക്ഷിതരാണെന്ന സ്ഥാനമൊഴിയുന്നതിനു മുമ്പുള്ള ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ പരാമര്‍ശം വിവാദമാവുകയുണ്ടായല്ലോ. നാനാത്വത്തില്‍ എകത്വമുള്ള ഭാരതത്തില്‍ ന്യൂനപക്ഷ-ഭൂരിപക്ഷഭേദമെന്യേ ജനങ്ങള്‍ ഏകോദര സഹോദരങ്ങളെപ്പോലെയല്ലേ ജീവിക്കുന്നത്?

നീണ്ട പത്തുവര്‍ഷം ഉപരാഷ്ട്രപതിയായിരുന്ന വ്യക്തിയാണദ്ദേഹം. മതന്യൂനപക്ഷത്തിന്റെ പേരിലും പിന്നാക്കസമുദായത്തിന്റെ പേരിലും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന വിഭാഗമാണ് മുസ്ലിങ്ങള്‍. ന്യൂനപക്ഷ മന്ത്രാലയവും സംസ്ഥാനങ്ങളിലെ ന്യൂനപക്ഷക്ഷേമ വകുപ്പുകളും നല്‍കുന്ന വിവിധ ആനുകൂല്യങ്ങളേയും, പിന്നോക്ക സമുദായത്തിന്റെ പേരില്‍ മുസ്ലിങ്ങള്‍ അനുഭവിക്കുന്ന വിദ്യാഭ്യാസ-തൊഴില്‍ സംവരണങ്ങളെയും സാമ്പത്തികാനുകൂല്യങ്ങളെയും അന്‍സാരി കണ്ടില്ലെന്നു നടിക്കുന്നത് ശരിയാണോ?

മുസ്ലിങ്ങള്‍ക്ക് സര്‍വതോമുഖമായ ക്ഷേമത്തിനായി രൂപീകരിച്ച സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മിന്നല്‍ വേഗത്തിലല്ലേ ഇന്ത്യയില്‍ നടപ്പാക്കിയത്. ഈ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശയുടെ വെളിച്ചത്തില്‍ ഓരോ സ്ഥാനത്തും വിവിധതരം ആനുകൂല്യങ്ങളല്ലേ മുസ്ലിംസഹോദരങ്ങള്‍ അനുഭവിച്ചുവരുന്നത്? മതന്യൂനപക്ഷത്തിന്റെ ആനുകൂല്യം മുസ്ലിങ്ങള്‍ മഹാഭൂരിപക്ഷമുള്ള ജമ്മു-കശ്മീര്‍ സംസ്ഥാനത്ത് മതന്യൂനപക്ഷക്കാരായ ഹിന്ദുക്കള്‍ക്കും സിക്കുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും നല്‍കാത്തതിനെതിരെ പത്തുവര്‍ഷം അധികാരത്തിലിരുന്ന അന്‍സാരി പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണ്?

കശ്മീര്‍ താഴ്‌വരകളിലെ ന്യൂനപക്ഷക്കാരായ ഹിന്ദു പണ്ഡിറ്റുകളെ ഭീകരരും വിഘടനവാദികളും കൂട്ടത്തോടെ ആട്ടിയോടിച്ചപ്പോള്‍ അന്‍സാരി പ്രതികരിച്ചോ? അവരുടെ പുനരധിവാസ നടപടികള്‍ മതതീവ്രവാദികളുടെ എതിര്‍പ്പുമൂലം നടപ്പാക്കാന്‍ കഴിഞ്ഞില്ലല്ലോ. സ്ഥാനമൊഴിയുന്നതിനു തൊട്ടുമുമ്പുള്ള അന്‍സാരിയുടെ സത്യവിരുദ്ധമായ പരാമര്‍ശം ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കം ചാര്‍ത്തുന്നതാണ്. ആ പരാമര്‍ശം അന്‍സാരി ഒഴിവാക്കേണ്ടതായിരുന്നു.

അഡ്വ. പി.കെ. ശങ്കരന്‍കുട്ടി,
തിരുവനന്തപുരം

 

Related News from Archive
Editor's Pick