ഹോം » ഭാരതം » 

ബിജെപിയുടെ വളര്‍ച്ചയില്‍ മമതക്കും സിപിഎമ്മിനും വിറളി

പ്രിന്റ്‌ എഡിഷന്‍  ·  August 20, 2017

ന്യൂദല്‍ഹി: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ ചിത്രം മാറിത്തുടങ്ങുന്നു. ഇടതു ഭരണത്തില്‍ നിന്ന് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിലേക്കെത്തിയ ബംഗാളിന്റെ മനസ്സ് ബിജെപിക്കനുകൂലമായി മാറുന്നതായി രാഷ്ട്രീയ നീരീക്ഷകര്‍ വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ കൂതിപ്പ് മാറുന്ന ബംഗാളിന്റെ സൂചനയാണ്. ഇടതുപക്ഷം സംസ്ഥാനത്ത് ദയനീയമായി തകര്‍ന്നടിഞ്ഞതും തദ്ദേശതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. മുഖ്യപ്രതിപക്ഷമായി ബിജെപി ഉയര്‍ന്നുവരുന്ന കാഴ്ചയാണ് പശ്ചിമ ബംഗാളില്‍ നിന്ന് ദൃശ്യമാകുന്നത്.

ആറു മുനിസിപ്പാലിറ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ഷെയറില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായത്. ദുപ്ഗുരിയില്‍ 2012ല്‍ 8.6 ശതമാനം ആയിരുന്ന വോട്ട് ഇത്തവണ 41.7 ശതമാനമായാണ് ഉയര്‍ന്നത്. 41.1 ശതമാനമായിരുന്ന ഇടത് വോട്ടുകള്‍ 8.6 ശതമാനത്തിലേക്ക് കൂപ്പ്കുത്തുകയും ചെയ്തു.

ദുര്‍ഗാപ്പൂരില്‍ 4.5 ശതമാനത്തില്‍ നിന്ന് 14 ശതമാനത്തിലേക്ക് ബിജെപി വോട്ടുകള്‍ ഉയര്‍ന്നു. 39 ശതമാനം ഉണ്ടായിരുന്ന ഇടത് വോട്ട് 11.5 ശതമാനത്തിലേക്ക് ഇവിടെ കുറഞ്ഞു. നല്‍ഹാതിയില്‍ 5 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി ബിജെപിയുടെ ശക്തി വര്‍ദ്ധിച്ചപ്പോള്‍ 20 ശതമാനത്തില്‍ നിന്ന് 8ശതമാനമായി സിപിഎം പിന്നോട്ടുപോയി. ഹല്‍ദിയയില്‍ പത്തുശതമാനം വോട്ടുകളാണ് ബിജെപിക്കുള്ളത്. 47 ശതമാനമുണ്ടായിരുന്ന ഇടതു വോട്ടുകള്‍ 5 ശതമാനമായി. ഇവിടെ 84 ശതമാനം വോട്ടുകള്‍ തൃണമൂല്‍ കോണ്‍ഗ്രസിനാണ്. പ്രതിപക്ഷമായി ബിജെപിയുടെ സാന്നിധ്യം മാത്രമാണ് മുനിസിപ്പാലിറ്റിയിലുള്ളത്.

പന്‍സ്‌കുരയില്‍ 5ശതമാനത്തില്‍ നിന്ന് 17ശതമാനമായി ബിജെപിയുടെ ശക്തി വര്‍ദ്ധിച്ചു. ഇടതുപക്ഷം 37ശതമാനത്തില്‍ നിന്ന് 5 ശതമാനത്തിലേക്ക് കുറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് വെറും 2.5 ശതമാനത്തിലൊതുങ്ങി. കൂപ്പേഴ്‌സ് ക്യാമ്പില്‍ 4ല്‍ നിന്ന് 12.4 ശതമാനം ബിജെപിക്ക് വോട്ട് വര്‍ദ്ധനവുണ്ടായി. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന ഇവിടെ 2012ല്‍ 50.3 ശതമാനം വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ സ്ഥാനാര്‍ത്ഥികള്‍ പോലുമുണ്ടായില്ല. ഇടതുപക്ഷവും 4ശതമാനത്തിലൊതുങ്ങി.

 

Related News from Archive
Editor's Pick