ഐസിഎച്ചിലെ ശിശുമരണം: അന്വേഷണം വേണമെന്ന് അഡ്വ. പ്രകാശ് ബാബു

Saturday 19 August 2017 10:28 pm IST

കോട്ടയം ഗാന്ധിനഗറിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് യുവമോര്‍ച്ച കോട്ടയം
ജില്ലാകമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍
അഡ്വ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: രണ്ട് വര്‍ഷത്തിനിടയില്‍ കോട്ടയത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തില്‍ ചികിത്സയിലിരിക്കെ കുട്ടികള്‍ മരണമടഞ്ഞസംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പ്രകാശ് ബാബു ആവശ്യപ്പെട്ടു.

ഗാന്ധിനഗറിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് യുവമോര്‍ച്ച കോട്ടയം ജില്ലാകമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗസ്റ്റ് 1മുതല്‍ 14വരെയുള്ള ദിനങ്ങളില്‍ ഇവിടെ ഏഴു കുട്ടികളാണ് മരിച്ചത്. ഇതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ ഇടതുസര്‍ക്കാര്‍ തയ്യാറാവുന്നില്ല. ഗോരഖ്പൂരിലേക്കാണ് ഇടതു-വലതു മുന്നണികളുടെ നോക്കിയിരിപ്പ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഗോരഖ്പൂരില്‍ 50,014 കുട്ടികള്‍ മരിച്ചിട്ടുണ്ട്. ഈ സമയമെല്ലാം ഇവര്‍ മൗനത്തിലായിരുന്നു. ബിജെപി സംസ്ഥാനം ഭരിക്കുന്നതിനാലാണ് ഇപ്പോള്‍ ഉറഞ്ഞുതുള്ളുന്നത്.

കേരളത്തില്‍ കഴിഞ്ഞമൂന്ന് മാസങ്ങള്‍ക്കിടയില്‍ പകര്‍ച്ചപ്പനിമൂലം 650 പേര്‍ മരിച്ചു. ഇവിടെ ഇവരാരും പ്രതിഷേധിച്ചുകണ്ടില്ല. മോദി സര്‍ക്കാര്‍ കേരളത്തിലെ ആശുപത്രികളുടെ വികസനത്തിന് നല്‍കിയ 360 കോടി എന്ത് ചെയ്തുവെന്നതിന് രേഖകളില്ല.
ജില്ലാപ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍ ആദ്ധ്യക്ഷം വഹിച്ചു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റുമാരായ ജയചന്ദ്രന്‍, ബിനു ആര്‍ വാര്യര്‍, സുദീപ് നാരായണന്‍, യുവമോര്‍ച്ച നേതാക്കളായ ലാല്‍കൃഷ്ണ, ഗോപന്‍, സോഹന്‍ലാല്‍, രമ്യാകൃഷ്ണന്‍, ഹരികൃഷ്ണന്‍, മഹേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.