ന്യൂദല്‍ഹി: ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള യാത്രയ്ക്കിടെ മന്ത്രിമാർ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തെരഞ്ഞെടുക്കുന്ന രീതി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരത്തിലുള്ള യാത്രകളിൽ സര്‍ക്കാര്‍ വക താമസ സൗകര്യങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബുധനാഴ്ച നടന്ന ക്യാബിനറ്റ് യോഗത്തിന് ശേഷമായിരുന്നു മോദി നിര്‍ദേശം നല്‍കിയത്.
സര്‍ക്കാര്‍ വക സൗകര്യങ്ങള്‍ ലഭ്യമായിരിക്കുമ്പോഴും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ നടപടി. ഇതിനു പുറമെ ചുമതലയുള്ള വകുപ്പിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍നിന്ന് ഏതെങ്കിലും തരത്തില്‍ സൗജന്യ സേവനം കൈപ്പറ്റുന്നത് ഒഴിവാക്കാനും മന്ത്രിമാര്‍ക്ക് മോദി നിര്‍ദേശം നല്കി.
പൊതുമേഖല സ്ഥാപനങ്ങളുടെ കാറുകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും മന്ത്രിമാര്‍ക്ക് നിര്‍ദേശമുണ്ട്. മന്ത്രിമാരോ ബന്ധുക്കളോ പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: