ഇസ്ലാമിക് മിഷന്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Sunday 20 August 2017 10:58 pm IST

പറവൂര്‍/കൊച്ചി: വര്‍ഗീയ ലഹള സൃഷ്ടിക്കുന്ന തരത്തില്‍ പ്രചരണം നടത്തിയ കേസില്‍ വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്റെ 40 പേര്‍ അറസ്റ്റില്‍. മതസ്പര്‍ധ പരത്തുന്ന ലഘുലേഖകള്‍ പറവൂരിലെ വിവിധ പ്രദേശങ്ങളിലെ വീടുകളില്‍ ചെന്ന് വിതരണം ചെയ്യുന്നതിനിടെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖകളും ്രപദേശത്തെ ക്ഷേത്രങ്ങളെക്കുറിച്ചുള്ള റൂട്ട് മാപ്പും ഇവരില്‍നിന്നു പിടിച്ചെടുത്തു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായത്. വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. ഹിന്ദുക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് വര്‍ഗീയ ലഹളയുണ്ടാക്കുന്ന തരത്തില്‍ പ്രചരണം നടത്തിയതിനാണ് കേസെടുത്തതെന്ന് പോലീസ് വിശദീകരിച്ചു. മതപരിവര്‍ത്തനത്തിനു പ്രലോഭിപ്പിക്കുക, ഹിന്ദു ദൈവങ്ങളേയും മറ്റും അധിക്ഷേപിക്കുക, ഇവരുടെ മതത്തിലേക്ക് ആകര്‍ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നും പോലീസ് വ്യക്തമാക്കി. പറവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വിമോചനത്തിന്റെ വഴി, ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത, ജീവിതം എന്തിനു വേണ്ടി, വിശ്വാസത്തിന്റെ വഴി തുടങ്ങിയ ലഘുലേഖകളാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്റെ പേരില്‍ ഇവര്‍ വീടുകളില്‍ വിതരണം ചെയ്തത്. ഹിന്ദുക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന മൂത്തകുന്നം തറയില്‍ കവല, കൊട്ടുവള്ളിക്കാട്, കട്ടത്തുരുത്ത്, ചെട്ടിക്കാട്, പുതിയകാവ്, വാവക്കാട്, കുഞ്ഞിത്തൈ, ചേന്ദമംഗലം പഞ്ചായത്തിലെ കരിമ്പാടം എന്നിവിടങ്ങളില്‍ രണ്ടു പേരടങ്ങുന്ന സംഘങ്ങളായാണ് വീടുകളില്‍ ലഘുലേഖ വിതരണത്തിനെത്തിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന റൂട്ട് മാപ്പില്‍ പ്രധാന ആരാധനാലയങ്ങളായ തറയില്‍പറമ്പ് അമ്പലം, എസ്എന്‍ഡിപിയുടെ ഗുരുമന്ദിരം, ചെട്ടിക്കാട് സെന്റ് ആന്റണീസ് ദേവാലയം എന്നിവ ചുവന്ന മഷി കൊണ്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ജലമാര്‍ഗം സഞ്ചരിക്കേണ്ട മാപ്പും ഇവരില്‍ നിന്ന് കണ്ടെത്തി. ലഘുലേഖ വിതരണത്തിനായി മുന്നോറോളം പേര്‍ പറവൂരിന്റെ വിവിധ ഭാഗങ്ങളിലായി എത്തിയതായാണ് വിവരം. ബഹുദൈവ വിശ്വാസം പാപമാണ്. ഇത്തരക്കാര്‍ നരകത്തിലേക്ക് എടുത്തെറിയപ്പെടും, അന്ന് കൈകാലിട്ടടിക്കുമ്പോള്‍ അതുവരെ വിളിച്ച ദൈവങ്ങള്‍ രക്ഷയ്ക്ക് എത്തില്ല തുടങ്ങിയ കാര്യങ്ങളാണ് ഇവര്‍ വീടുകളില്‍ പറഞ്ഞിരുന്നത്. വിശ്വാസത്തിന്റെ വഴിയെന്ന ലഘുലേഖയില്‍ മതസ്പര്‍ധ വളര്‍ത്തുന്ന വാചകങ്ങളാണുള്ളത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വടക്കേക്കര പോലീസാണ് ഇവരെ പല സ്ഥലങ്ങളില്‍നിന്നായി പിടികൂടിയത്. റൂറല്‍ എസ്പി ഏ.വി. ജോര്‍ജ്, ആലുവ ഡിവൈഎസ്പി പ്രഫുല്ലചന്ദ്രന്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ വടക്കേക്കര പോലീസ് സ്റ്റേഷനിലെത്തി ഇവരെ ചോദ്യം ചെയ്തതിനു ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതസ്പര്‍ധ വളര്‍ത്തുന്ന പ്രവര്‍ത്തനം ഇവരില്‍ നിന്നുണ്ടായെന്ന് ചോദ്യം ചെയ്യലിനുശേഷം എസ്പി മാധ്യമങ്ങളോട് പറഞ്ഞു.