ഹോം » ഭാരതം » 

മതംമാറ്റ ഭീകരത: കേന്ദ്രം ആവശ്യപ്പെട്ടിട്ടും കേരളം റിപ്പോര്‍ട്ട് നല്‍കിയില്ല

പ്രിന്റ്‌ എഡിഷന്‍  ·  August 21, 2017

ന്യൂദല്‍ഹി: കേരളത്തിലെ മുസ്ലിം മതംമാറ്റ ഭീകരത മറച്ചുവെയ്ക്കാനും തീവ്രവാദ സംഘടനകളെ സംരക്ഷിക്കാനും സംസ്ഥാന സര്‍ക്കാര്‍ നീക്കം. മതംമാറ്റത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും കേരളം അവഗണിച്ചു.

മലപ്പുറം ജില്ലയിലുള്‍പ്പെടെ നടക്കുന്ന മതംമാറ്റത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിനോട് നേരിട്ട് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ആഹിര്‍ വ്യക്തമാക്കി.
ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും വ്യാപകമായി മുസ്ലിം മതത്തിലേക്ക് മാറ്റുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ മതംമാറ്റത്തിന് വലിയ കേന്ദ്രം പ്രവര്‍ത്തിക്കുന്നു. എങ്ങനെയാണ് അവര്‍ മാസം ആയിരത്തോളം പേരെ മതംമാറ്റുന്നത്. ദാരിദ്ര്യം മുതലെടുക്കുന്നുണ്ടോ?. ഭീഷണിയിലൂടെയാണോ? ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്നുണ്ടോ? കഴിഞ്ഞ മെയ് മാസത്തില്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം അന്വേഷിച്ചു കണ്ടെത്തി വിവരം നല്‍കണമെന്ന് സംസ്ഥാന പോലീസ് മേധാവിയോടും ചീഫ് സെക്രട്ടറിയോടും നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍, രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഇതുവരെ റിപ്പോര്‍ട്ട് ലഭിച്ചില്ല. ഇപ്പോള്‍ വിഷയം എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. സത്യാവസ്ഥ പുറത്തുവരും, വാര്‍ത്താഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ മന്ത്രി വിശദീകരിച്ചു.

വൈക്കം സ്വദേശിനി അഖിലയെ മതംമാറ്റിയ സംഭവത്തില്‍ സുപ്രീംകോടതി എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ട പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. മലപ്പുറം മഞ്ചേരിയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന സത്യസരണിയിലാണ് അഖിലയെ മതംമാറ്റിയത്.

സത്യസരണിയാണ് മന്ത്രി ചൂണ്ടിക്കാട്ടിയ മലപ്പുറത്തെ മതംമാറ്റ കേന്ദ്രം. നിരവധി കേസുകളില്‍ സത്യസരണിക്കെതിരെ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചു. ഇതിനു പിന്നാലെയാണ് മതഭീകര സംഘടനകളെ സംരക്ഷിക്കുന്നതിനു വേണ്ടി കേന്ദ്ര നിര്‍ദ്ദേശവും അവഗണിച്ചത്.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick