ഹോം » കേരളം » 

മത്സ്യ ബന്ധനത്തിനിടെ അപകടത്തില്‍ നാലു മരണം

പ്രിന്റ്‌ എഡിഷന്‍  ·  August 21, 2017

കൊല്ലം: മത്സ്യബന്ധനത്തിനിടെ കണ്ടച്ചിറയിലും നീണ്ടകരയിലുമുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. കണ്ടച്ചിറയില്‍ മൂന്നുപേരും നീണ്ടകരയില്‍ ഒരാളുമാണ് മരിച്ചത്.
ശനിയാഴ്ച രാത്രി അഷ്ടമുടി കായലില്‍ കണ്ടച്ചിറയില്‍ ഫൈബര്‍ വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയ മൂന്ന് യുവാക്കള്‍ വള്ളം മുങ്ങി മരിച്ചു.

കരിക്കോട് മങ്ങാട് സ്വദേശി പിള്ളവീട്ടില്‍ ജസന്‍ മകന്‍ ഡൊമിനിക്ക് സാവിയോ(29), തൊടിയില്‍ കാവില്‍വീട്ടില്‍ യേശുദാസിന്റെ മകന്‍ മോനിഷ്(27), മുള്ളിയില്‍ കായല്‍വാരം വീട്ടില്‍ ടോണി (28) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് ഇവര്‍ കായലിലേക്ക് പോയത്.

പുലര്‍ച്ചയോടെ മറ്റു മത്സ്യത്തൊഴിലാളികളാണു തോണി മറിഞ്ഞതു കണ്ടു രക്ഷാപ്രവര്‍ത്തനം നടത്തിയത്. പീന്നീട് കിളികൊല്ലൂര്‍ പോലീസിന്‍േയും അഗ്‌നിശമന സേനാംഗങ്ങളുടേയും സഹായത്തോടെ മൃതദേഹം കരയ്ക്കെത്തിക്കുകയായിരുന്നു. ശക്തമായ അടിയൊഴുക്കുള്ള കടലായതിനാല്‍ ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ശക്തമായ കാറ്റും മഴയുമാണ് അപകടത്തിനു കാരണമായതെന്നാണ് കരുതുന്നത്. ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സാവിയോയും മോനിഷും സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവര്‍മാരാണ്. ടോണി മത്സ്യബന്ധന തൊഴിലാളിയാണ്.

നീണ്ടകരയില്‍ മത്സ്യബന്ധനത്തിനിടെ കട്ടമരം മറിഞ്ഞ് പുത്തന്‍തുറ മുല്ലശ്ശേരില്‍ സരജന്‍ (46) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴേകാലോടെയായിരുന്നു അപകടം. ഫൗണ്ടേഷന്‍ ആശുപത്രിക്ക് പടിഞ്ഞാറ് ഒരു നോട്ടിക്കല്‍ മൈല്‍ ദൂരത്ത് തിരയില്‍പ്പെട്ട കട്ടമരം മറിയുകയായിരുന്നു.

കട്ടമരം ദേഹത്തടിച്ച് പരിക്കേറ്റ സരജനെ നീണ്ടകര ഹാര്‍ബറില്‍ എത്തിച്ച ശേഷം കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Related News from Archive
Editor's Pick