ഹോം » പ്രാദേശികം » എറണാകുളം » 

ആവോലി വറ്റയുടെ വിത്തുല്‍പാദനം വിജയം; സിഎംഎഫ്ആര്‍ഐക്ക് അപൂര്‍വ നേട്ടം

August 21, 2017

കൊച്ചി: ആഭ്യന്തര-വിദേശ വിപണികളില്‍ ഏറെ ആവശ്യക്കാരുള്ള ആവോലി വറ്റയുടെ വിത്തുല്‍പാദന സാങ്കേതിക വിദ്യ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) വികസിപ്പിച്ചു. രണ്ടുവര്‍ഷം നീണ്ടുനിന്ന ഗവേഷണങ്ങള്‍ക്ക് ശേഷം സിഎംഎഫ്ആര്‍ഐയുടെ വിശാഖപട്ടണം ഗവേഷണ കേന്ദ്രത്തിലാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. ലോകത്ത് ആദ്യമായാണ് ഈ മീനിന്റെ വിത്തുല്‍പാദനം വിജയകരമാകുന്നത്.
സിഎംഎഫ്ആര്‍ഐ കൃത്രിമമായി വിത്തുല്‍പാദനം വിജയകരമാക്കുന്ന അഞ്ചാമത്തെ സമുദ്രമത്സ്യമാണ് ആവോലി വറ്റ. മുന്‍പ്, മോദ, കലവ, ഏരി, വളവോടി വറ്റ എന്നിവയുടെ വിത്തുല്‍പാദന സാങ്കേതിക വിദ്യ സിഎംഎഫ്ആര്‍ഐ വികസിപ്പിച്ചിരുന്നു.

വിത്തുല്‍പാദന സാങ്കേതികവിദ്യ വന്നതോടെ, ആവോലി വറ്റ ഹാച്ചറികളില്‍ പ്രജനനം നടത്തി കുഞ്ഞുങ്ങളെ കൃഷിക്കായി ഉപയോഗിക്കാനാകും. കൂടുമത്സ്യ കൃഷിക്ക് ഏറെ അനുയോജ്യമായ മത്സ്യമാണിത്.
വിദേശ വിപണിയിലും ഇന്ത്യയിലും വളരെയധികം ആവശ്യക്കാരുള്ളതും ഉയര്‍ന്ന വിപണന മൂല്യമുള്ളതുമായ ഈ മത്സ്യം കൂടുകൃഷിയിലൂടെ ഉല്‍പാദിപ്പിക്കാനുള്ള അവസരമാണ് ഇതോടെ കൈവന്നിരിക്കുന്നത്. കുഞ്ഞുങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഇവയുടെ കൃഷി ഇതുവരെ സാധ്യമായിരുന്നില്ല.

പെട്ടെന്നുള്ള വളര്‍ച്ചാനിരക്ക്, ഗുണനിലവാരമുള്ള മാംസം, ഏത് സാഹചര്യങ്ങളോടും ഇണങ്ങിച്ചേരാനുള്ള കഴിവ് തുടങ്ങിയ ഗുണങ്ങളുള്ളവയാണ് ആവോലി വറ്റ. മികച്ച വളര്‍ച്ചാനിരക്കുള്ളതിനാല്‍ ഇവയുടെ കൃഷി ഉയര്‍ന്ന ലാഭം നേടാന്‍ സഹായകരമാകും. കൃഷി ചെയ്‌തെടുക്കുന്ന ആവോല വറ്റക്ക് വിപണിയില്‍ കൂടുതല്‍ വിലയും ലഭിക്കും. ഇവയുടെ കുഞ്ഞുങ്ങള്‍ ലഭ്യമാകുന്നതോടെ സമുദ്രമത്സ്യകൃഷിയില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ.എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.
കടലില്‍ നിന്നുള്ള മീന്‍ലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മത്സ്യോല്‍പാദനം വര്‍ധിപ്പിക്കേണ്ടതുണ്ട്. 2050 ഓടുകൂടി രാജ്യത്ത് 10 മില്യണ്‍ ടണ്‍ സമുദ്രമത്സ്യോല്‍പാദനമാണ് ലക്ഷ്യമിടുന്നത്. ഇത് സാധ്യമാക്കുന്നതിന് വേണ്ടിയാണ് ഉയര്‍ന്ന വിപണന മൂല്യമുള്ള കടല്‍ മീനുകളുടെ വിത്തുല്‍പാദന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് സിഎംഎഫ്ആര്‍ഐ പരീക്ഷണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ കടലില്‍ നിന്നുള്ള മത്സ്യലഭ്യത 3.63 മില്യണ്‍ ടണ്‍ ആയിരുന്നു.

Related News from Archive
Editor's Pick