രാഷ്ട്രപതി ഇന്ന് ലഡാക്കില്‍

Monday 21 August 2017 8:56 am IST

  ന്യൂദല്‍ഹി: ഇന്ത്യാ-ചൈന അതിര്‍ത്തി പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിനിടെ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും, രാഷ്ട്രപതി രാംനാഥ് കോവിന്ദും അതിര്‍ത്തിയില്‍. മുതിര്‍ന്ന കമാന്‍ഡര്‍മാരുമായി ബിപിന്‍ റാവത്ത് കൂടിക്കാഴ്ച നടത്തും. സ്വാതന്ത്ര്യദിനത്തില്‍ ലഡാക്കിലെ പാങോങ് തടാകത്തിനു സമീപം അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരും, ചൈനീസ് സൈന്യവും തമ്മിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെയാണ് കരസേനാ മേധാവിയുടേയും, രാഷ്ട്രപതിയുടേയും സന്ദര്‍ശനം. രാഷ്ട്രപതിയായി സ്ഥാനമേറ്റശേഷമുള്ള രാംനാഥ് കോവിന്ദിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണ്. കാശ്മീരി അതിര്‍ത്തി പ്രദേശമായ ലേയിലാണ് അദേഹമെത്തുന്നത്. ലേയിലെത്തുന്ന കോവിന്ദ് ഒരു ദിവസം അവിടെ ചിലവഴിക്കുമെന്ന് രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കരസേനാ മേധാവി ബിപിന്‍ റാവത്തും രാഷ്ട്രപതിക്കൊപ്പം ചേരും. മൂന്നു ദിവസത്തെ സന്ദര്‍ശനത്തില്‍ കിഴക്കന്‍ ലഡാക്കിലെ സ്ഥിഗതികള്‍ കരസേനാ മേധാവി വിലയിരുത്തും. സൈനിക നീക്കം ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകളുമുണ്ടാകും. സൈനിക ക്യാംപുകളും ഇരുവരും സന്ദര്‍ശിക്കും. സന്ദര്‍ശനം കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.