കട്ടപ്പന: ഇരട്ടയാര്‍-ശാന്തിഗ്രാം റോഡിലൂടെയുള്ള യാത്ര ജനങ്ങള്‍ക്ക് ദുരിതമാകുന്നു. റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴി രൂപപ്പെട്ടതിനാല്‍ കാല്‍നടയാത്രപോലും ഇതുവഴി ബുദ്ധിമുട്ടാണ്. നിരവധി പരാതികള്‍ റോഡ് നന്നാക്കണമെന്ന് കാട്ടി നല്‍കിയെങ്കിലും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ അനാസ്ഥ തുടരുകയാണ്.
തങ്കമണി, ചെമ്പകപ്പാറ, തോപ്രാംകുടി , ഈട്ടിത്തോപ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും സഞ്ചരിക്കുന്ന റോഡാണിത്. റോഡിന്റെ ശോചനീയാവസ്ഥ മൂലം ബൈക്ക് യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമാണ്. റോഡിലെ കുഴികളുടെ ആഴം മനസിലാകാതെ വാഹനങ്ങള്‍ കുഴിയില്‍ ചാടിയാണ് അപകടങ്ങള്‍ ഉണ്ടാവുന്നത്. ഇരട്ടയാര്‍ മുതല്‍ കൃഷിഭവന് വരെയുള്ള ഭാഗത്താണ് കൂടുതലായും ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്.
വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നടയാത്രക്കാരുടെയും ഇരുചക്ര യാത്രക്കാരുടെയും ദേഹത്ത് ചെളിവെള്ളം തെറിക്കുന്നതും പതിവാണ്. പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ റോഡിന്റെ അവസ്ഥ കണ്ടില്ലെന്ന് നടക്കുകയാണെന്നും ഇത് അവസാനിപ്പിച്ച് റോഡ് നന്നാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: