കറുകച്ചാല്‍: യാത്രക്കാര്‍ക്ക് അപകടഭീഷണി സൃഷ്ടിച്ച് റോഡരികിലെ മരുതി മരം. 11 കെവി വൈദ്യുതി ലൈനുകള്‍ തകര്‍ത്ത് മരശിഖരം റോഡില്‍ വീണപ്പോള്‍ അപകടം ഒഴിവായതു തലനാരിഴയ്ക്ക്. ചങ്ങനാശേരി–വാഴൂര്‍ റോഡില്‍ മൈലാടി കവലയ്ക്കും എന്‍എസ്എസ് എസ്റ്റേറ്റ് പടിക്കും ഇടയില്‍ വളവില്‍ നില്ക്കുന്ന കൂറ്റന്‍ മരുതി മരത്തിലെ ശിഖരമാണ് കഴിഞ്ഞ ദിവസം റോഡിലേക്കും വൈദ്യുതിക്കമ്പികളുടെ മുകളിലേക്കും വീണത്.മരശിഖരം വീണയുടന്‍ തന്നെ 11 കെവി ലൈനുകള്‍ പൊട്ടി റോഡിലേക്കു വീഴുകയും നാല് പോസ്റ്റുകള്‍ വളയുകയും ചെയ്തു.മരശിഖരം വീഴുമ്പോള്‍ റോഡില്‍ വാഹനങ്ങളും കാല്‍നടയാത്രക്കാരും ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. വിവരം അറിഞ്ഞ് പാമ്പാടി അഗ്നിശമന സേനയും സ്ഥലത്തെത്തിയിരുന്നു. പ്രദേശത്തു മുടങ്ങിയ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നു. ഇരുനൂറിലേറെ വര്‍ഷം പഴക്കമുള്ള മരത്തില്‍ ഇത്തിള്‍ കയറിക്കിടക്കുന്നതിനാല്‍ മരം ഭാഗികമായി ഉണങ്ങിയ നിലയിലാണ്. അതിനാല്‍ മരശിഖരങ്ങള്‍ ഇനിയും വീഴാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: