ഹോം » പ്രാദേശികം » എറണാകുളം » 

സിനിപോളീസില്‍ ഇനി സിനിമയില്ല

August 22, 2017

കൊച്ചി: നഗരത്തിലെ പ്രമുഖ ഷോപ്പിംഗ് മാളായ സെന്റര്‍ സ്‌ക്വയറിലെ മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളുടെ പ്രവര്‍ത്തനം ഹൈക്കോടതി തടഞ്ഞു. സെന്റര്‍ സ്‌ക്വയറിലെ സിനിപോളിസ് മള്‍ട്ടിപ്ലക്‌സുകളിലെ ഏഴു സ്‌ക്രീനുകളിലാണ് ഹൈക്കോടതി പ്രദര്‍ശനം തടഞ്ഞത്.
അഗ്‌നിശമന സേനയുടെ എന്‍ഒസി ഇല്ലാതെ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന സെന്റര്‍ സ്‌ക്വയര്‍ മാളിലെ മള്‍ട്ടിപ്ലക്‌സ് അടച്ചുപൂട്ടാന്‍ ജില്ലാ കളക്ടര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. അഗ്‌നിബാധയുണ്ടായാല്‍ തീ അണയ്ക്കാനും, ആളുകളെ രക്ഷപ്പെടുത്താനുമുള്ള സംവിധാനം മള്‍ട്ടിപ്ലക്‌സില്‍ ഇല്ലെന്ന് കാണിച്ച് അഗ്‌നിശമന സേന നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കളക്ടര്‍ ഉത്തരവിട്ടത്.
എന്നാല്‍ കളക്ടറുടെ ഉത്തരവ് പാലിക്കാതിരുന്ന മള്‍ട്ടിപ്ലക്‌സ് മാനേജ്‌മെന്റ്, ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയിലാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞത്. കളക്ടറുടെ നിര്‍ദേശം എത്രയും പെട്ടെന്ന് നടപ്പിലാക്കാന്‍ ഉത്തരവിട്ട ഹൈക്കോടതി മള്‍ട്ടിപ്ലക്‌സിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും ആവശ്യപ്പെട്ടു.
ഇടപ്പള്ളി ഒബ്‌റോണ്‍ മാളില്‍ മാസങ്ങള്‍ക്ക് മുമ്പുണ്ടായ അഗ്‌നിബാധയെ തുടര്‍ന്നാണ് മാളുകളുടെ സുരക്ഷയെക്കുറിച്ച് അഗ്‌നിശമന സേന പഠനം നടത്തിയത്. ദിവസവും പതിനായിരക്കണക്കിന് പേരെത്തുന്ന സെന്റര്‍ സ്‌ക്വയറില്‍ യാതൊരു സുരക്ഷാ മുന്‍കരുതലുകളുമില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.
മാളിലെ ആറ്, ഏഴ് നിലകളില്‍ പ്രവര്‍ത്തിക്കുന്ന തീയേറ്റര്‍ അനുവദനീയമായ 40 മീറ്റര്‍ ഉയരത്തിന് മുകളിലാണ് സ്ഥിതി ചെയ്യുന്നതെന്നും അഗ്നിശമന സേനവിഭാഗം ഉദ്യോഗസ്ഥന്‍ പറഞ്ഞു. മുസ്ലീം ലീഗ് നേതാവും വ്യവസായിയും രാജ്യസഭാ അംഗവുമായ പിവി അബ്ദുള്‍ വഹാബിന്റെ ഉടമസ്ഥതയിലുള്ളതാണ് സെന്റര്‍ സ്‌ക്വയര്‍ മാള്‍.

 

Related News from Archive
Editor's Pick