ഹോം » കേരളം » 

കോടികള്‍ തട്ടിയെടുത്ത് ചിട്ടിനടത്തിപ്പുകാര്‍ കടന്നു

വെബ് ഡെസ്‌ക്
August 23, 2017

കൊടുങ്ങല്ലൂര്‍/കയ്പമംഗലം: നിരവധിപ്പേരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത് ചിട്ടിസ്ഥാപന ഉടമകള്‍ മുങ്ങി. എറണാകുളം, തൃശ്ശൂര്‍, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ഇരുപതുവര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ചിട്ടിസ്ഥാപനമായ തത്ത്വമസിയുടെ പതിനാറോളം ബ്രാഞ്ചുകളാണ് തിങ്കളാഴ്ച മുതല്‍ അടഞ്ഞുകിടക്കുന്നത്.

സ്ഥാപനത്തിന്റെ മേത്തല അഞ്ചപ്പാലത്തെ ശാഖാ ഓഫീസ് ചൊവ്വാഴ്ച പൂട്ടി. നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തില് ചൊവ്വാഴ്ച വൈകിട്ട് ഓഫീസ് പോലീസ് സീല് ചെയ്യുകയായിരുന്നു. കഴിഞ്ഞദിവസം മതിലകം പുതിയകാവിലെ ഓഫീസും പൂട്ടിയിരുന്നു. മുന്നൂറിലധികം നിക്ഷേപകരാണ് ഇവിടെ പരാതിയുമായി എത്തിയത്.

കുറി വട്ടമെത്തിയവര്‍ക്കും നിക്ഷേപ കാലാവധിയായവര്‍ക്കും തിങ്കളാഴ്ച പണം നല്‍കാമെന്ന് സ്ഥാപനയുടമ ചെറായി സ്വദേശി കിഷോര്‍ ഉറപ്പു നല്കിയിരുന്നു. ഉച്ചയായിട്ടും പണം എത്തിക്കാഞ്ഞപ്പോള്‍ ജീവനക്കാര്‍ ഉടമയുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിരിവിനു പോയിരുന്ന ജീവനക്കാരെ പ്രധാന ഓഫീസില്‍ നിന്ന് ഫോണില്‍ വിളിച്ച് വീട്ടിലേക്ക് മടങ്ങാന് ആവശ്യപ്പെടുകയായിരുന്നുവെന്ന് പറയുന്നു.

വിവരമറിഞ്ഞ് നിക്ഷേപകര്‍ കൂട്ടത്തോടെ സ്ഥാപനത്തിലും പോലീസ് സ്റ്റേഷനിലും പരാതിയുമായി എത്തി. ചൊവ്വാഴ്ച വൈകിട്ടുവരെ 160 പരാതികളാണ് പോലീസിന് ലഭിച്ചത്. ഇരുനൂറോളം പേരാണ് ചൊവ്വാഴ്ച മതിലകം പോലീസില് പരാതിയുമായെത്തിയത്. നാട്ടികയിലും നിരവധിപ്പേര്‍ തട്ടിപ്പിനിരയായതായി പറയുന്നു.

പണം ലഭിക്കാതായതോടെ ഇടപാടുകാര് ചെറായിയിലെ വീട്ടില് ഉടമയെ അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായില്ല. ഡെപ്പോസിറ്റും കുറിയിലുമായി നൂറുകോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സൂചന.

ഉടമയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. പതിനായിരം മുതല്‍ മൂന്നുലക്ഷം രൂപവരെ കുറിവെച്ചവരും ഒന്നുമുതല് എട്ടുലക്ഷംവരെ ഉയര്‍ന്ന പലിശയ്ക്ക് സ്ഥിരനിക്ഷേപം നടത്തിയവരും കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയിട്ടുണ്ട്. പരാതികള്‍ പരിശോധിച്ചുവരികയാണെന്നും അന്വേഷണം നടത്തുമെന്നും മതിലകം പോലീസ് അറിയിച്ചു.

ഓരോ ശാഖയും കേന്ദ്രീകരിച്ച് വനിതകളെ ആകര്‍ഷകമായ ശമ്പളവും കളക്ഷന്‍ കമ്മിഷന്‍ ബത്തയും നല്‍കിയാണ് പണം പിരിക്കാന്‍ നിയോഗിച്ചിരുന്നത്. ഇവരില്‍ പലരും സ്വന്തക്കാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കുറിചേര്‍ക്കുകയും കമ്പനിയില്‍ നിക്ഷേപം ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

Related News from Archive
Editor's Pick