സുനിയുടെ കത്ത് വിശ്വാസത്തിലെടുക്കരുതെന്ന് ദിലീപിന്റെ അഭിഭാഷകന്‍

Wednesday 23 August 2017 12:39 pm IST

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കുന്നത് തുടരുന്നു. പള്‍സര്‍ സുനിയുടെ ജയിലില്‍നിന്നുള്ള കത്ത് വിശ്വാസത്തിലെടുക്കരുതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ദിലീപും സുനിയും ഒരിക്കല്‍പോലും നേരിട്ട് സംസാരിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. കോടതിയില്‍ കള്ളസാക്ഷികളെ ഉണ്ടാക്കാനാണ് പോലീസിന്റെ ശ്രമം. ജോര്‍ജ്ജേട്ടന്‍ പൂരം എന്ന ചിത്രത്തിന്റേതടക്കമുള്ള ലൊക്കേഷനുകളില്‍ ദിലീപും പള്‍സര്‍ സുനിയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന വാദം യുക്തിരഹിതമാണ്. ഒരേ ടവറിന്റെ പരിധിയില്‍ വന്നുവെന്ന് കരുതി അവര്‍ തമ്മില്‍ ഗൂഢാലോചന നടന്നുവെന്ന് പറയാന്‍ കഴിയില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പള്‍സര്‍ സുനിയുടെ ജയിലില്‍നിന്നുള്ള കത്തിന്റെ കരട് തയ്യാറാക്കിയത് ദിലീപിനെ കുടുക്കിയവരാണെന്നും പ്രതിഭാഗം വാദിച്ചു. ഇന്ന് പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി കഴിഞ്ഞാല്‍ പ്രോസിക്യൂഷന്‍ വാദവും ഉണ്ടാകും. ദിലീപിനെതിരെ പുതിയ തെളിവുകള്‍ ഇന്ന് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചേക്കും. ഇത് രണ്ടാമത്തെ തവണയാണ് ജാമ്യഹര്‍ജിയുമായി ദിലീപ് കോടതിയെ സമീപിക്കുന്നത്.