സിബിഐ മേല്‍ക്കോടതിയുടെ നീതി തേടണം: കുമ്മനം

Wednesday 23 August 2017 4:52 pm IST

തിരുവനന്തപുരം: എസ്.എന്‍.സി ലാവലിന്‍ കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ മേല്‍ക്കോടതിയുടെ നീതി തേടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോടതിയുടെ കണ്ടെത്തലുകള്‍ വിസ്മരിക്കാനാകില്ല, കൂടാതെ, സിഎജിയുടെ കണ്ടെത്തലുകളുമുണ്ട്. അതിനാല്‍ നീതിതേടി സിബിഐ സുപ്രീംകോടതിയെ സമീപിക്കണം. ചില പ്രതികള്‍ വിചാരണ നേരിടണം എന്ന് ഹൈക്കോടതി പറഞ്ഞതിലൂടെ അഴിമതി നടന്നു എന്ന് വ്യക്തമായിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം അന്നത്തെ മന്ത്രിസഭയ്ക്കും മന്ത്രിക്കുമുണ്ടെന്നും, ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, മന്ത്രിമാരാണ് തീരുമാനമെടുക്കുന്നതെന്നും, അല്ലാതെ കെഎസ്ഇബി ഉദ്യോഗസ്ഥരെ മാത്രം പഴിചാരുന്നത് ശരിയല്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.