ജലാശയത്തിനു നടുവില്‍ ജലകണ്‌ഠേശ്വരര്‍

Monday 28 August 2017 8:28 pm IST

തമിഴ്‌നാട്ടിലെ വെല്ലൂര്‍ നഗരത്തിലാണ് ജലകണ്‌ഠേശ്വര്‍ ക്ഷേത്രം. ചുറ്റും തെളിമയാര്‍ന്ന ജലമുള്ള ജലാശയം. കിടങ്ങിനുമുകളിലുള്ള ചെറിയ പാലം കടന്നുവേണം ക്ഷേത്രത്തിന്റെ പുറത്തെ പ്രാകാരത്തിലെത്താന്‍. തെക്കേ ഗോപുരത്തിലൂടെയാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുക.

ചരിത്രപരമായ കാരണങ്ങളാല്‍ നാല് നൂറ്റാണ്ടോളം ഈ ക്ഷേത്രത്തില്‍ പൂജാദി കര്‍മ്മങ്ങളൊന്നും നടന്നിരുന്നില്ല. സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ക്ഷേത്രത്തിനോ വിഗ്രഹത്തിനോ കേടുപാടുകള്‍ വരുത്താന്‍ കാരണമായേക്കുമെന്ന് ഭയന്ന് ജലകണ്‌ഠേശ്വരര്‍ സ്വാമിയുടെ ശിവലിംഗം വെല്ലൂരിന്റെ കിഴക്ക് ഭാഗത്തുള്ള ജലകണ്ഠവിനായകര്‍ ക്ഷേത്രത്തിലേക്ക് മാറ്റുകയുണ്ടായി.

ഭരണാധികാരികള്‍ തമ്മില്‍ പോരാട്ടം നടക്കുന്ന കേന്ദ്രമായതിനെത്തുടര്‍ന്ന് കോട്ടയിലേക്കുള്ള പ്രവേശനം തടഞ്ഞതുമൂലം ക്ഷേത്രത്തിലെ പൂജാദികര്‍മ്മങ്ങള്‍ മുടങ്ങിയതോടെ ക്ഷേത്രം വിജനമായി. ശിവലിംഗം സാമൂഹ്യവിരുദ്ധര്‍ക്ക് ഒരിക്കലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്ഥലം മാറ്റി സൂക്ഷിച്ച് നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും വിഗ്രഹത്തിന് ഒരു പോറല്‍പോലും ഏറ്റില്ല എന്നതും ചരിത്രത്തിന്റെ അദ്ഭുതങ്ങളില്‍ ഒന്നാണ്.

1981 മാര്‍ച്ചിലാണ് വീണ്ടും ഈ ശിവലിംഗം ഇവിടെ പ്രതിഷ്ഠിതമായത്. ഈ കോട്ടയുടെയും ക്ഷേത്രത്തിന്റെയും നിയന്ത്രണം ഇപ്പോള്‍ ദേശീയ പുരാവസ്തു വകുപ്പിനാണ്. മണലിനടിയിലായിരുന്ന ക്ഷേത്രഭാഗങ്ങള്‍ മറനീക്കി ശ്രദ്ധാപൂര്‍വം വീണ്ടെടുത്തതും ഇവര്‍ തന്നെ. ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായുള്ള കല്യാണമണ്ഡപം കേടുപാടുകള്‍ തീര്‍ത്ത് പഴമയുടെ മോടി ചോര്‍ന്നുപോകാതെ പുതുക്കി പണിതതാണ്. ഇതുകൂടാതെ വസന്തമണ്ഡപം എന്നുപേരുള്ള മറ്റൊരു മണ്ഡപവുമുണ്ട് ഇവിടെ.

ചുറ്റും ശുദ്ധജലം നിറഞ്ഞ കിടങ്ങ്. അതിനുള്ളിലെ കോട്ടയ്ക്കുള്ളില്‍ 13-ാം നൂറ്റാണ്ടില്‍ പണിയാരംഭിച്ച ക്ഷേത്രത്തിന്റെ നിര്‍മാണജോലികള്‍ 14-ാം നൂറ്റാണ്ടിലാണ് പൂര്‍ത്തിയായത്. ഉള്ളിലെ പ്രാകാരങ്ങള്‍ പണി തീര്‍ത്തത് ഇക്കാലത്താണ്. കൂട്ടിച്ചേര്‍ക്കലുകളൊക്കെ 16-ാം നൂറ്റാണ്ടുവരെ തുടര്‍ന്നു. പുറത്തെ പ്രാകാരങ്ങളും ഇക്കാലത്ത് പൂര്‍ത്തിയായി. 1982 ല്‍ മഹാകുംഭാഭിഷേകം നടത്തി. ഉത്സവവേളകളില്‍ എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന തങ്കത്തേര് 15 അടി ഉയരവും 8 അടി സമചതുരത്തിലുമുള്ളതാണ്.

ക്ഷേത്രത്തിനകത്ത് പ്രവേശിക്കുമ്പോള്‍ ഇടതുവശത്ത് കാണുന്ന മണ്ഡപത്തിലെ തൂണുകളിലെ ശില്‍പ്പവൈദഗ്ദ്ധ്യം ആരെയും വിസ്മയിപ്പിക്കും. ശിവലിംഗം പ്രകൃത്യാ ഉള്ള വെള്ളത്തിന്റെ ഉറവയ്ക്കു മുകളിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. ചുറ്റുമുള്ള ശുദ്ധജലാശയം നഗരവാസികളുടെ കണ്ണിനും കരളിനും ആനന്ദം നല്‍കുന്നു. പടിഞ്ഞാറേ ശ്രീകോവിലില്‍ ശിവലിംഗവും വടക്കേ ശ്രീകോവിലില്‍ നടരാജവിഗ്രഹവുമാണ് പ്രതിഷ്ഠ. ശിവന്‍ ഇവിടെ ജലവാസിയായതുകൊണ്ട് ജലകണ്‌ഠേശ്വരര്‍ എന്ന പേരും ഉണ്ടായി.

നീലനിറമുള്ള കരിങ്കല്ലില്‍ കൊത്തിയ ഏഴുനില ഗോപുരമാണ് ക്ഷേത്രത്തിന്റേത്. ആനകളുടെയും കുതിരകളുടെയും കുതിരപ്പടയാളികളുടെയും മറ്റും രൂപങ്ങള്‍ കൊത്തിയ തൂണുകളാല്‍ അലംകൃതമാണ് വസന്ത മണ്ഡപം.

പാലാറിന്റെ കരയിലാണ് വെല്ലൂര്‍ നഗരം. പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഇഴകള്‍ ഇഴുകിച്ചേര്‍ന്ന നഗരമാണിത്. ചെന്നൈയില്‍ നിന്ന് 145 കിലോമീറ്ററും ബെംഗളൂരുവില്‍നിന്ന് 251 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ളത്.

ഉത്സവമൂര്‍ത്തികള്‍ സോമസ്‌കന്ദര്‍, ചന്ദ്രശേഖരര്‍, ദേവി അഖിലാണ്ഡേശ്വരി.

ഏപ്രില്‍-മെയ് മാസത്തിലായി വരുന്ന പത്തുദിവസം നീണ്ടുനില്‍ക്കുന്ന ചിത്രാപൗര്‍ണ്ണമി ഉത്സവം, ഒക്‌ടോബര്‍- നവംബര്‍ മാസത്തിലെ ശൂരസംഹാരോത്സവം, ആടി (ജൂലായ്-ആഗസ്റ്റ്) മാസത്തിലെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന ആടി പൂരോത്സവം, വിനായകചതുര്‍ത്ഥി, നവരാത്രി എന്നിവയാണ് പ്രധാന ഉത്സവങ്ങള്‍. ഈ സമയത്തും ശനിയാഴ്ചയും ദര്‍ശനപുണ്യം ഏറും.

ത്രിമൂര്‍ത്തികളുടെ പത്‌നീസമേതരായ പ്രതിഷ്ഠകളാണ് (മഹാലക്ഷ്മിയും വിഷ്ണവും, ബ്രഹ്മാവും സരസ്വതിയും, ശിവനും പാര്‍വ്വതിയും) ഇവിടത്തെ പ്രത്യേകതകളില്‍ ഒന്ന്.

രാവിലെ 6.30 ന് നട തുറന്ന് ഉച്ചയ്ക്ക് 1 മണിക്ക് അടയ്ക്കും. വൈകിട്ട് 5 ന് തുറന്ന് 8.30 ന് അടയ്ക്കും.

ക്ഷേത്രത്തിലെ ഫോണ്‍: 416- 2223412, 2221229