ഹോം » പ്രാദേശികം » കോഴിക്കോട് » 

മോഷ്ടിച്ച പലവ്യഞ്ജനങ്ങള്‍ കണ്ടെടുത്തു

September 9, 2017

വടകര: പലചരക്കു കടയില്‍ നിന്നും അനാദി സാധനങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള നാലു പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി കളവു മുതലുകള്‍ കണ്ടെടുത്തു. കഴിഞ്ഞദിവസം അറസ്റ്റിലായ കടയിലെ നാലു ജീവനക്കാരെയാണ് പോലീസ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വാങ്ങി ഇരിട്ടി,പേരാവൂര്‍,ഉളിയില്‍ എന്നിവിടങ്ങളിലെ നാലു കടകളില്‍ എത്തിച്ച് വില്‍പ്പന നടത്തിയ പലവ്യഞ്ജന സാധനങ്ങള്‍ പിടിച്ചെടുത്തത്. സാധനങ്ങള്‍ കടത്താനുപയോഗിച്ച മാരുതി ആള്‍ട്ടോ കാര്‍, ഒരു ബൈക്കും,ഒരു സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. വെളിച്ചെണ്ണ ,ഓയില്‍,ടൂത്ത് പേസ്റ്റ്,ബാര്‍സോപ്പ്,ടോയ്‌ലറ്റ് സോപ്പുകള്‍ തുടങ്ങിയ ഒരു ലക്ഷം രൂപയില്‍പ്പരം വിലയുള്ള സാധനങ്ങളാണ് പല ദിവസങ്ങളിലായി കടത്തിയത് . ഓര്‍ക്കാട്ടേരി ടാക്‌സി സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിക്കുന്ന ഓര്‍ക്കാട്ടേരി ട്രേഡേഴ്‌സില്‍ നിന്നും കടയിലെ ജീവനക്കാരായ കിഴൂര്‍ കേളോത്ത് മഹറൂഫ്(21),മുഹ്‌സിന മന്‍സില്‍ ഷാനിഫ് (26),ഇയ്യാളുടെ സഹോദരന്‍ ആസിഫ് (20),പുറപ്പട്ട സഫ്‌വാന്‍ (19)എന്നിവരെയാണ് എസ്‌ഐ കെ.പ്രദീപ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കടയുടമ ചെറുവാഞ്ചേരി സ്വദേശി മുഹമ്മദിന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
കടയിലെ സ്റ്റോക്കില്‍ കുറവ് വന്നതിനെ തുടര്‍ന്ന് ഉടമ ഇവരോട് കാര്യങ്ങള്‍ ചോദിച്ചിരുന്നു. പിന്നീട് ഇവരില്‍ മൂന്ന് പേര്‍ കടയില്‍ വരാതിരുന്നതും സംശയത്തിനിടയാക്കി.ഇതേ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെയും,മോഷണ മുതലുകളും,വാഹനങ്ങളും നാളെ കോടതിയില്‍ ഹാജരാക്കും.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick