ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകൃത സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍/സാങ്കേതിക ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ പഠിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ ഹാന്‍ഡിക്യാപ്ഡ് ഫിനാന്‍സ് ആന്റ് ഡവലപ്മെന്റ് കോര്പ്പറേഷന് 2017 വര്‍ഷത്തേക്കുള്ള സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഇന്ത്യയൊട്ടാകെ 2500 സ്കോളര്‍ഷിപ്പുകളാണുള്ളത്. 30% സ്കോളര്‍ഷിപ്പുകള്‍ പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു.
അസ്ഥി സംബന്ധമായ വൈകല്യമുള്ളവര്‍, അന്ധര്‍, ബധിരര്‍, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍ ആന്റ് മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റീസ് മുതലായ വിഭാഗങ്ങളില്‍പ്പെടുന്ന ഭിന്നശേഷിക്കാര്‍ക്കാണ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അര്‍ഹത.
എന്‍ട്രന്‍സ് പരീക്ഷ വഴിയല്ലാതെ പ്രൊഫഷണല്‍ കോഴ്സുകളില്‍ അഡ്മിഷന് നേടിയിട്ടുള്ളവര്‍ക്ക് ഹയര്‍ സെക്കന്ററി/ഡിഗ്രി തലത്തില്‍ 50% മാര്‍ക്കില്‍ (വനിതകള്‍ക്ക് 45% മതി) കുറയാതെയുണ്ടാകണം.
വാര്‍ഷിക കുടുംബ വരുമാനം 3 ലക്ഷം രൂപയില്‍ കവിയരുത്. പ്രതിമാസ വരുമാന പരിധി 25,000 രൂപയാണ്.
ഈ സ്കോളര്‍ഷിപ്പ് ലഭിക്കുന്ന പക്ഷം മറ്റ് സ്കോളര്‍ഷിപ്പോ സ്റ്റൈപന്റോ വാങ്ങാന്‍ പാടില്ല. വിശദമായ സ്കോളര്‍ഷിപ്പ് വ്യവസ്ഥകളും മാനദണ്ഡങ്ങളും www.nhfdc.nic.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷിക്കുന്നതിന് പ്രത്യേക സമയപരിധിയില്ല. അദ്ധ്യയന വര്‍ഷം ജൂലൈ ഒന്ന് മുതല്‍ ജൂണ്‍ 30 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷ ഓണ്‍ലൈനായി www.nhfdc.nic.in എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാവുന്നതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ് സൈറ്റിലുണ്ട്. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് ബന്ധപ്പെട്ട രേഖകള്‍ സഹിതം പഠിക്കുന്ന സ്ഥാപന മേധാവിയുടെ ശുപാര്‍ശ സഹിതം National Handicapped Finance and Development Corporation, Unit No. 11& 12, Ground Floor, DLF Prime Tower, Okhla phase-1, New Delhi110020 എന്ന വിലാസത്തില്‍ അയക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ ഇവയാണ്:
- സര്‍ക്കാര്‍/എയിഡഡ് സ്ഥാപനങ്ങളില്‍ അടച്ച കോഴ്സ് ഫീസിന് സമാനമായ തുക ലഭിക്കും. അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളിലെ കോഴ്സിന് സര്‍ക്കാര്‍ നിരക്കിലുള്ള ഫീസാവും ലഭിക്കുക.
- പ്രൊഫഷണല്‍ ഡിഗ്രി കോഴ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് മെയിന്റനന്‍സ് അലവന്‍സായി പത്ത് മാസത്തേസക്ക് പ്രതിമാസം 2500 രൂപയും വാര്‍ഷിക/ബുക്ക് സ്റ്റേഷനറി അലവന്‍സായി 6000 രൂപയും ലഭിക്കും. പ്രൊഫഷണല്‍ പിജി കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്ക് യഥാക്രമം 3000 രൂപ, 10,000 രൂപ എന്നിങ്ങനെ ലഭിക്കുന്നതാണ്.
- അന്ധ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രെയിലര്‍/ടൈപ്പ് റൈറ്റര്‍ വാങ്ങുന്നതിന് 10,000 രൂപ വരെയും സ്ക്രീന്‍ റീഡിങ് സോഫ്റ്റ് വെയറോടുകൂടിയ ലാപ്ടോപ്പ്/ഡസ്ക്ടോപ്പ് വാങ്ങുന്നതിന് 40,000 രൂപ വരെയും കാഴ്ച വൈകല്യമുള്ളവര്‍ക്ക് മാഗ്നിഫിക്കേഷന്‍ സോഫ്റ്റ്വെയറോടുകൂടിയ ലാപ്ടോപ്പ് വാങ്ങുന്നതിന് 60,000 രൂപ വരെയും ലഭിക്കും.
- കേള്‍വി വൈകല്യമുള്ളവര്‍ക്ക് ശ്രവണ സഹായി വാങ്ങുന്നതിന് 50,000 രൂപ വരെയും ബട്ടണ്‍സെല്‍ വാങ്ങുന്നതിന് വര്‍ഷത്തില്‍ 3600 രൂപയും ലഭിക്കും. ഇതിന് പുറമെ സെല്‍ഫോണ്‍ വാങ്ങുന്നതിന് 5000 രൂപവരെയും ലാപ്ടോപ്പ്/ഡസ്ക് ടോപ്പ് വാങ്ങുന്നതിന് 70,000 രൂപ വരെയും ലഭിക്കുന്നതാണ്.
- അസ്ഥി സംബന്ധമായ വൈകല്യമുള്ളവര്‍ക്ക് ലാപ്ടോപ്പ്/ഡസ്ക്ടോപ്പ് വാങ്ങുന്നതിന് 40,000 രൂപ വരെയാണ് ലഭിക്കുക.
ആനുകൂല്യത്തുക വിദ്യാര്‍ത്ഥിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. ഒരേസമയം ഒരു കോഴ്സിന് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ www.nhfdc.nic.in/scholarship.html എന്ന വെബ്സൈറ്റില്‍ ലഭിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: