പന്തളം കോളേജില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ സിപിഎം ശ്രമം

Monday 11 September 2017 7:56 pm IST

പന്തളം: പന്തളം എന്‍എസ്എസ് കോളേജില്‍ കലാപം സൃഷ്ടിക്കാന്‍ സിപിഎംഡിവൈഎഫ്‌ഐ ശ്രമം. ഇതിന്റെ ഭാഗമായി കോളേജ് ഗേറ്റിനു മുമ്പില്‍ കോടതിവിലക്കു ലംഘിച്ച് കൊടിയും ചുമപ്പു നക്ഷത്രവും നാട്ടി. രാവിലെ പ്രാദേശിക ഡിവൈഎഫ്‌ഐസിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി കോളേജ് കാമ്പസില്‍ ഗെയ്റ്റിനു മുമ്പില്‍ കൊടി നാട്ടുകയായിരുന്നു. എസ്എഫ്‌ഐ അക്രമത്തേത്തുടര്‍ന്ന് ആഗസ്റ്റ് 23ന് അടച്ച കോളേജ് ഇന്നലെ തുറന്ന ഉടനെയാണ് വീണ്ടും സിപിഎം കലാപത്തിനു ശ്രമിക്കുന്നത്. 'ഹൈക്കോടതി ഉത്തരവനുസരിച്ച് കോളേജില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയവും അദ്ധ്യയനത്തിനു തടസ്സം സൃഷ്ടിക്കുന്ന തരത്തില്‍ മുദ്രാവാക്യം മുഴക്കുന്നതും, കൊടിതോരണങ്ങള്‍ തൂക്കുന്നതും, പ്രകടനം, ധര്‍ണ്ണ, ഉപവാസം എന്നിവയിലേര്‍പ്പെടുന്നതും, വസ്തുവകകള്‍ക്ക് നാശനഷ്ടം വരുത്തുന്നതും മറ്റേതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നിരോധിച്ചിരിക്കുന്നു' എന്നറിയിച്ചു കൊണ്ടുള്ള ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഇതോടു ചേര്‍ന്നാണ് ഇന്നലെ സിപിഎം പ്രവര്‍ത്തകര്‍ ബലമായി ചുമന്ന നക്ഷത്രത്തോടുകൂടിയ കൊടിമരം സ്ഥാപിച്ച് കൊടിയുയര്‍ത്തിയത്. ഇതിനെ പ്രിന്‍സിപ്പാള്‍ എതിര്‍ത്തെങ്കിലും അദ്ദേഹത്തെ അസഭ്യം പറഞ്ഞുകൊണ്ട് കൈയ്യേറ്റം ചെയ്യാനാണ് സിപിഎം പ്രവര്‍ത്തകര്‍ ശ്രമിച്ചത്. രണ്ടു മാസം മുമ്പ് രണ്ട് എബിവിപി പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ചു കൊണ്ടാണ് അക്രമത്തിനു എസ്എഫ്‌ഐ തുടക്കമിടുന്നത്. അതിനു ശേഷം കഴിഞ്ഞ 21ന് കോളേജില്‍ രക്ഷാബന്ധന്‍ ആഘോഷത്തിനു നേരെയും ആക്രമണം നടത്തിയിരുന്നു. ഇടിക്കട്ട, ചെയിന്‍, കമ്പിവടി ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ഇവര്‍ നടത്തിയ ആക്രമണത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റിരുന്നു. അന്ന്, കോളേജില്‍ എസ്എഫ്‌ഐ ഗുണ്ടകള്‍ ആക്രമണം നടത്തുമ്പോള്‍ പുറത്ത് ഡിവൈഎഫ്‌ഐ, സിപിഎം ഗുണ്ടകളും ആയുധങ്ങളുമായി സംഘം ചേര്‍ന്നിരുന്നു. പോലീസുകാരാണ് കോളേജിനുള്ളില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ സിപിഎമ്മുകാരില്‍ നിന്നും രക്ഷിച്ച് ബസ് സ്റ്റാന്‍ഡിലെത്തിച്ചത്. സ്‌കൂള്‍ കുട്ടികളെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിനു മുമ്പില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച സഖാക്കള്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബസ് യാത്രക്കാരനെ ബസ്സില്‍ നിന്നും പിടിച്ചിറക്കിയും മര്‍ദ്ദിച്ചിരുന്നു. എസ്എഫ്‌ഐ അക്രമം തുടര്‍ന്നതോടെ 23ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടയ്ക്കുകയായിരുന്നു. രക്ഷാകര്‍ത്താക്കളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും വിദ്യാര്‍ത്ഥി പ്രതിനിധികളുടെയും മാനേജ്‌മെന്റ്, കോളേജ് അദ്ധ്യാപക-അനദ്ധ്യാപകരുടെയും യോഗത്തിനു ശേഷമാണ് ഇന്നലെ കോളേജ് തുറന്നത്.