ലഹരി വിളയുന്ന കലാലയങ്ങള്‍

Monday 11 September 2017 10:36 pm IST

ഇരുട്ടില്‍ തപ്പി പോലീസും എക്‌സൈസും തൃശൂര്‍: കഞ്ചാവ് മയക്കുമരുന്ന് സംഘങ്ങള്‍ സ്‌കൂള്‍ കോളേജ് പരിസരങ്ങളില്‍ പിടിമുറുക്കുന്നു. വിദ്യാര്‍ത്ഥികളെ ലഹരിയുടെ വലയില്‍ വീഴ്ത്താന്‍ പ്രത്യേക സംഘത്തെ തന്നെയാണ് സ്‌കൂള്‍ കോളേജ് പരിസരങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. എക്‌സൈസിനും പോലീസിനും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെങ്കിലും സംഘത്തെ പിടികൂടാന്‍ സാധിക്കാതെ കുഴങ്ങുകയാണിവര്‍. കുറച്ച് ദിവസം മികച്ച പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി പഠനത്തില്‍ ശ്രദ്ധക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ധ്യാപകര്‍ക്ക് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ഇതോടെയാണ് സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി മാഫിയ സംഘങ്ങള്‍ സജീവമാവുന്ന വിവരം പുറത്തേയ്ക്ക് വരുന്നത്. ആദ്യമൊന്നും വിദ്യാര്‍ത്ഥി വിവരങ്ങള്‍ പറയാന്‍ കൂട്ടാക്കിയിരുന്നില്ല. ലഹരി വിമോചന കൗണ്‍സിലര്‍ കൂടിയായ അദ്ധ്യാപികയുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കൊടുവിലാണ് വിദ്യാര്‍ത്ഥികള്‍ വിവരങ്ങള്‍ പുറത്ത് പറയാന്‍ തയ്യാറായത്. ചെറിയ കമ്പിവടിയുമായി ബാത്ത് റൂമില്‍ കയറുന്ന വിദ്യാര്‍ത്ഥി വളരെ ഏറെ സമയങ്ങള്‍ക്കു ശേഷമാണ് പുറത്തേക്ക് വന്നിരുന്നത്. മുറിയോട് ചേര്‍ത്ത് തന്നെയുള്ള ബാത്ത് റൂം ആയതിനാല്‍ വീട്ടുകാര്‍ ശ്രദ്ധിച്ചിരുന്നുമില്ല. കാല്‍പാദത്തില്‍ തള്ളവിരലിന് ഇടയില്‍ ആഴമുള്ള മുറിവ് ഉണ്ടാക്കി ഇതിനുള്ളില്‍ മയക്കുമരുന്ന് പൊടി തിരുകുകയായിരുന്നു പതിവ്. മണിക്കുറുകളോളം ലഹരി കിട്ടുന്നതിനാല്‍ വേദന അറിയുകയുമില്ലായിരുന്നു. വീട്ടിനുള്ളില്‍ പോലും ചെരിപ്പിട്ട് നടക്കുന്ന സ്വഭാവക്കാരനായ വിദ്യാര്‍ത്ഥിയുടെ കാലിനിടയിലെ വ്രണം വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നുമില്ല. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ഈ വെളിപ്പെടുത്തലോടെയാണ് സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരിമാഫിയ സംഘങ്ങള്‍ പിടിമുറുക്കുന്നുവെന്ന വിവരം പുറംലോകത്തേയ്ക്ക് എത്തുന്നത്. ലക്ഷ്യമിടുന്നത്് വിദ്യാര്‍ത്ഥികളെ ലഹരിമാഫിയ സംഘങ്ങള്‍ ലക്ഷ്യമിടുന്നത് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെയാണ്. പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ വലയില്‍ വീഴ്ത്താന്‍ സംഘം നല്‍കുന്നത് മുന്തിയ ഇനം ഇരുചക്രവാഹനങ്ങളാണ്. ആദ്യം വാഹനം ഓടിക്കാന്‍ നല്‍കി പിന്നെ സ്‌കൂളിലേക്ക് വാഹനം കൊണ്ടുപോകാന്‍ അനുവദിച്ച് പിന്നീട് ഇവരെ ലഹരിയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയാണ് പതിവ്. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ ദീര്‍ഘകാല കണ്ണികളായാണ് കാണുന്നത്. ഇവര്‍ കോളേജ് തലങ്ങളില്‍ എത്തിയാല്‍ അവിടെയും ലഹരിയുടെ വില്‍പ്പന അനായാസമായി നടത്താന്‍ സാധിക്കുമെന്നതാണ് ലഹരി സംഘങ്ങള്‍ക്ക് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ പ്രിയപ്പെട്ടവരാവാന്‍ കാരണം. കഞ്ചാവ് കൈമാറ്റത്തിനും ഇവരെ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ തന്നെ തുറന്ന് പറയുന്നു. പശ്‌നങ്ങള്‍ ഇവിടെയാണ് ജനവാസം കുറഞ്ഞ മേഖലകളിലാണ് വിദ്യാര്‍ത്ഥികള്‍ ലഹരി സംഘങ്ങളുമായി ചങ്ങാത്തം കൂടുന്നത്. സ്‌കൂള്‍ പരിസരങ്ങളില്‍ നിന്ന് ആരംഭിക്കുന്ന ചങ്ങാത്തമാണ് ഇവിടേക്ക് വളരുന്നത്. കടലോര മേഖലയില്‍ വിദ്യാര്‍ത്ഥികളുമായി ലഹരിമാഫിയ സംഘങ്ങള്‍ എത്താറുണ്ട്. ജനവാസമില്ലാത്ത കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഒറ്റയ്ക്കും കൂട്ടമായി ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നാട്ടുകാര്‍ പ്രത്യേകം ശ്രദ്ധിക്കണം. പന്തികേട് തോന്നിയാല്‍ വിവരം പോലീസില്‍ അറിയിക്കണം. വേണം അടിയന്തര നടപടി ലഹരി നീട്ടുന്ന കൈകളോട് ശക്തമായി നോ പറയാന്‍ കുട്ടികളെ മാതാപിതാക്കള്‍ സജ്ജരാക്കണം. സ്വഭാവ രീതികളില്‍ പെട്ടന്ന് മാറ്റം ഉണ്ടായാല്‍ എന്താണ് കാരണമെന്ന് കുട്ടികളില്‍ നിന്ന് ചോദിച്ചറിയാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. വിദ്യാലയങ്ങളില്‍ കൗണ്‍സിലിങ്ങിന് അദ്ധ്യാപകന് ചുമതല നല്‍കണമെന്നും ലഹരി വിരുദ്ധ ക്ലബുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണം.