ഹോം » പ്രാദേശികം » കൊല്ലം » 

പരാതിയുമായി വ്യാപാരികള്‍

September 12, 2017

കൊട്ടാരക്കര: കോടതി ഉത്തരവ് മറികടന്നും നഗരസഭ ഓഫീസ് കോംപ്ലക്‌സിലെ കടമുറികള്‍ പൂട്ടിക്കാന്‍ അധികൃതര്‍ ശ്രമിക്കുകയാണെന്ന് വ്യാപാരികള്‍.
കടമുറികള്‍ ഒഴിയണമെന്ന സെക്രട്ടറിയുടെ ഉത്തരവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ട്രിബ്യൂണല്‍ സ്റ്റേ ചെയ്തിരിക്കുകയാണ്. എന്നിട്ടും കടമുറികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ചില കൗണ്‍സിലര്‍മാരും നഗരസഭാ അധികാരികളും അനുവദിക്കുന്നില്ലെന്ന് വ്യാപാരികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നഗരസഭ ഓഫീസ് കോംപ്ലക്‌സിലെ കടമുറികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഒഴിയണമെന്നു കാട്ടി നഗരസഭാ സെക്രട്ടറി കടയുടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ കടയുടമകള്‍ ട്രിബ്യൂണലിനെ സമീപിക്കുകയും കോടതി ഉത്തരവ് ഉണ്ടാകും വരെ ഒഴിപ്പിക്കല്‍ സ്റ്റേ ചെയ്യുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ ഒന്നിന് അധികാരികള്‍ ബലം പ്രയോഗിച്ച് കട അടപ്പിക്കുകയും വേറെ പൂട്ടുകള്‍ ഉപയോഗിച്ച് പൂട്ടുകയും ചെയ്തു.
സെക്രട്ടറിയുടെ പേരില്‍ കോടതി അലക്ഷ്യത്തിനു കേസെടുത്ത കോടതി കടയുടമകള്‍ക്ക് താക്കോല്‍ തിരികെ നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് താക്കോല്‍ മടക്കി നല്‍കുകയും ചെയ്തു. വ്യാപാരികള്‍ വീണ്ടും കടകള്‍ തുറന്നെങ്കിലും ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ തങ്ങളെ ഭീഷണിപ്പെടുത്തുകയും ശല്യം ചെയ്യുകയുമാണെന്നും കോടതി ഉത്തരവ് ഉണ്ടാകും വരെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു. ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും വ്യാപാരികളായ വി.കെ.രമേശന്‍, ശശിധരന്‍പിള്ള എന്നിവര്‍ പറഞ്ഞു.

Related News from Archive
Editor's Pick