ഹോം » പ്രാദേശികം » എറണാകുളം » 

പാമ്പുകളുമായി നൃത്തം; സംഘം പോലീസിനെ വെട്ടിച്ച് കടന്നു

September 13, 2017

കാക്കനാട്: നഗരസഭയുടെ ഓണാഘോഷ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കലാപരിപാടിയില്‍ പാമ്പുകളുമായി നൃത്തമാടി സ്ത്രീകളെയും കുട്ടികളെയും ഭയപ്പെടുത്തി. വംശനാശം നേരിടുന്ന പത്തില്‍പ്പരം പാമ്പുകളെ ഉപയോഗിച്ചായിരുന്നു നൃത്തമാടിയത്. തിങ്കളാഴ്ച രാത്രി സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ടിലാണ് വന്യജീവി സംരക്ഷണ നിയമം ലംഘിച്ച് വംശനാശം നേരിടുന്ന പാമ്പുകളുമായി നൃത്തമാടിയ സംഘം പോലീസ് എത്തുന്നതിന് മുമ്പ് കടന്നുകളയുകയും ചെയ്തു. ഉഗ്രവിഷമുള്ള മൂര്‍ഖനും അണലിയും ഉള്‍പ്പെടെ മലമ്പാമ്പിനെ വരെ ഉപയോഗിച്ചായിരുന്നു നൃത്തം. രാത്രി ഒമ്പതോടെ തുടങ്ങിയ സാജു നവോദയുടെ സ്‌കിറ്റും നൃത്തവും നാടന്‍ പാട്ടുകളും അരങ്ങുനിറഞ്ഞാടുന്നതിനിടെയാണ് വിവാദ നൃത്തം അവതരിപ്പിച്ചത്. വേദിക്ക് പിന്നില്‍ കൂടുകളില്‍ വെച്ചിരുന്ന വിവിധയിനം പാമ്പുകളെ ഓരോന്നായി പുറത്തേക്ക് എടുത്തുകൊണ്ട് വന്നായിരുന്നു നൃത്തം. വേദിയില്‍ നിന്ന് കാണികള്‍ക്കിടയിലേക്കെത്തി പാമ്പുമായി നൃത്തമാടിയതോടെ സ്ത്രീകളും കുട്ടികളും ഭയന്നോടി. ആവേശം തിമര്‍പ്പില്‍ ഒപ്പം നൃത്തമാടിയാളുടെ കഴുത്തിലും പാമ്പിനെ ചുറ്റി.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പാമ്പുമായി നൃത്തമാടിയ സംഘം സ്ഥലം വിട്ടിരുന്നു. വിവിധ ഗ്രൂപ്പുകളെ വിളിച്ചാണ് പരിപാടി അവതരിപ്പിച്ചതെന്നും ഓരോ സംഘവും അവരുടെ പരിപാടി അവസാനിക്കുന്ന മുറക്ക് വേദനം വാങ്ങി പോയെന്നാണ് സംഘാടകരുടെ വിശദീകരണം. സര്‍ക്കാറിന്റെ പബ്ലിക് റിലേഷന്‍ വകുപ്പ് പകര്‍ത്തിയ ദൃശ്യങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം. മലമ്പാമ്പുകളെ ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ച് പരിപാടി അവതരിപ്പിക്കാന്‍ വേദിയൊരുക്കിയ തൃക്കാക്കര നഗരസഭക്കെതിരെ നടപടിയെടുക്കണമെന്ന് തൃക്കാക്കര മണ്ഡലം പ്രസിഡന്റ് എം.ഒ വര്‍ഗീസ് പോലീസില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

Related News from Archive
Editor's Pick