കുരുമുളക് കടത്തിയവര്‍ അറസ്റ്റില്‍

Tuesday 12 September 2017 10:53 pm IST

കൊച്ചി: കണ്ണമാലിയിലെ സുഗന്ധവ്യഞ്ജന എക്‌സ്‌പോര്‍ട്ടിംഗ് സ്ഥാപനത്തില്‍ നിന്ന് ഒരു ക്വിന്റല്‍ കുരുമുളക് കടത്തിയവരെ പിടികൂടി. അതേ സ്ഥാപനത്തിലെ സൂപ്പര്‍വൈസര്‍മാരും കുമ്പളങ്ങി സ്വദേശികളുമായ ഷിബീഷ് (37), അരുണ്‍(27) എന്നിവരാണ് പിടിയിലായത്. 45000 രൂപ വില വരുന്ന കുരുമുളകാണ് സ്വന്തം കാറില്‍കടത്തികൊണ്ടുപോയത്. രാജസ്ഥാന്‍ സ്വദേശിയുടേതാണ് കമ്പനി. കണ്ടക്കടവ് കുമ്പളങ്ങി റോഡിലുള്ള പൊതുശ്മസാനത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന അരുണിന്റെ ഉടമസ്ഥതയിലുള്ള കാര്‍ പോലീസ് പരിശോധിക്കുന്നതിനിടെ 4 പ്ലാസ്റ്റിക് ചാക്കുകളിലായി നിറച്ച കുരുമുളകിനെക്കുറിച്ച് ചോദിച്ചതോടെ ഇരുവരും പരസ്പരവിരുദ്ധമായി സംസാരിച്ചതാണ് പോലീസിന് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് ഇരുവരേയും കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനില്‍കൊണ്ടുപോയി ചോദ്യം ചെയ്തതോടെയാണ് കാലങ്ങളായി മോഷണം നടത്തുന്നതായറിഞ്ഞത്. ഷിബീഷ് 20 വര്‍ഷമായും അരുണ്‍ 2 വര്‍ഷമായും ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ട്. വര്‍ഷങ്ങളായി കമ്പനിയില്‍ നിന്നും സാധനങ്ങള്‍ പുറത്തു കടത്തി വില്പന നടത്തി വരികയാണെന്ന് ഇരുവരും പോലീസിനോട് സമ്മതിച്ചു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കണ്ണമാലി എസ്‌ഐ ത്രിദീപ് ചന്ദ്രന്റെ നേതൃത്വത്തില്‍ അഡീഷണല്‍ എസ്‌ഐ വില്യംസ്, സീനിയര്‍ സിപിഓ മണിയപ്പന്‍, സിപിഓമാരായ ശ്രീജിത്ത്, വിജയനാഥ്, എഡ്വേഡ്, എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.