സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹനങ്ങളെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ

Wednesday 13 September 2017 2:32 pm IST

ന്യൂദല്‍ഹി: 2030 ഓടെ രാജ്യത്ത് പൂര്‍ണ്ണമായും വൈദ്യൂത വാഹനങ്ങളെന്ന ലക്ഷ്യത്തിലേയ്ക്ക് ഇന്ത്യ കുതിക്കുന്നു. പെട്രോളിയം ഇറക്കുമതി ചെലവ് നിയന്ത്രിക്കാനും പ്രവര്‍ത്തന ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള നടപടികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാരിന്റെ പുതിയ ഓട്ടോ നയത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വൈദ്യുത വാഹനങ്ങളെ സ്വയം പര്യാപ്തമാക്കാന്‍ ഊര്‍ജിത ശ്രമം നടത്തുമെന്നും 2030 ല്‍ ഒരൊറ്റ ഡീസല്‍, പെട്രോള്‍ കാര്‍ പോലും രാജ്യത്ത് വില്‍പ്പനയ്‌ക്കെത്തരുതെന്നാണു സര്‍ക്കാരിന്റെ ലക്ഷ്യം. വിവിധ കമ്പനികള്‍ ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകളും പഠനങ്ങളും തുടങ്ങിക്കഴിഞ്ഞു. അശോക് ലെയ്‌ലാന്‍ഡ് കഴിഞ്ഞവര്‍ഷം ഒരു വൈദ്യുത ബസ് പുറത്തിറക്കിയിരുന്നു. വൈദ്യുത വാഹനങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ക്ക് തുടക്കമിടുവാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. മഹിന്ദ്ര ആന്‍ഡ് മഹിന്ദ്ര മാത്രമാണ് ഇന്ത്യയില്‍ ഇപ്പോള്‍ വൈദ്യുത കാറുകള്‍ നിര്‍മ്മിക്കുന്നുള്ളു.