പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ഫാ. ടോം

Wednesday 13 September 2017 7:58 pm IST

ന്യൂദല്‍ഹി: തുടര്‍ച്ചയായ നയതന്ത്ര നീക്കങ്ങളിലൂടെ തന്റെ മോചനത്തിന് ശ്രമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫാ. ടോം ഉഴുന്നാലില്‍ നന്ദി രേഖപ്പെടുത്തി. കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി ഫോണില്‍ സംസാരിക്കവേയാണ് കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കുമുള്ള നന്ദി ഫാ. ടോം ഉഴുന്നാലില്‍ രേഖപ്പെടുത്തിയത്. വത്തിക്കാനിലുള്ള ഫാ.ടോം സുഷമാ സ്വരാജുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഐഎസ് ഭീകരരുടെ പിടിയിലെ ദുരിതങ്ങളും ഫാ. ടോം പങ്കുവെച്ചു. മോചനത്തിനായി നിരന്തരം ശ്രമിച്ച സര്‍ക്കാരിനും രാജ്യത്തെ ജനങ്ങള്‍ക്കുമുള്ള നന്ദിയും ഫാ. ടോം അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ തുടര്‍ച്ചയായ പ്രാര്‍ത്ഥനയാണ് മോചനം സാധ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഫാ. ടോമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം വഹിച്ച ഒമാന്‍, യെമന്‍ എന്നീ രാജ്യങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജും നന്ദി രേഖപ്പെടുത്തി. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയാലുടന്‍ ഫാ. ടോം പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തട്ടിക്കൊണ്ടുപോയ ശേഷം തന്നെ മൂന്നു തവണ സ്ഥലം മാറ്റിയെന്നും മോശമായി ഭീകരര്‍ പെരുമാറിയിട്ടില്ലെന്നും ഫാ. ടോം വത്തിക്കാനില്‍ പ്രതികരിച്ചു. ശാരീരികാവസ്ഥ മോശമായപ്പോള്‍ പ്രമേഹത്തിനുള്ള മരുന്നുകള്‍ നല്‍കി. അറബിയും ഇംഗ്ലീഷും സംസാരിക്കുന്നവരാണ് തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നതെന്നും ഫാ. ടോം അറിയിച്ചു.