ഹോം » കേരളം » 

ഐഎസില്‍ ചേര്‍ന്ന കണ്ണൂര്‍ കൂടാളി സ്വദേശി സിറിയയില്‍ മരിച്ചതായി സ്ഥിരീകരണം

വെബ് ഡെസ്‌ക്
September 13, 2017

കണ്ണൂര്‍: ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന കണ്ണൂര്‍ കൂടാളി സ്വദേശി സിറിയയില്‍ മരിച്ചതായി സ്ഥിരീകരണം. കണ്ണൂര്‍ കൂടാളി കച്ചേരിപ്പറമ്പ് പള്ളിക്ക് സമീപത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഹസ്സന്റെ മകന്‍ മുഹമ്മദ് ഷജില്‍ മരിച്ചതായിട്ടാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകനായ ഇയാള്‍ക്ക് നേരത്തെ തന്നെ ചില തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടായിരുന്നു. ഷജിലിനെ നാട്ടില്‍ നിന്ന് കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഐഎസിലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചത്. ആറുമാസം മുന്‍പ് കണ്ണൂരില്‍നിന്ന് ഐഎസിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടന്നതായാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. ഷജില്‍ മരിച്ചതായി കഴിഞ്ഞ ദിവസം ഇന്റലിജന്‍സിനും വിവരം ലഭിച്ചിരുന്നു. ചക്കരക്കല്‍ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ ആറ് കേസുകള്‍ നിലവിലുണ്ട്.

കൂടാളി സ്വദേശിയായ ഷാജഹാനെ കഴിഞ്ഞമാസം ഡല്‍ഹി പൊലീസ് അറസ്റ്റുചെയ്തിരുന്നു. സിറിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ തുര്‍ക്കിയില്‍ അറസ്റ്റിലായ ഷാജഹാനെ ഇന്ത്യയിലേക്ക് മടക്കിയയച്ചതാണ്. ഇന്ത്യയിലെത്തി വീണ്ടും സിറിയയിലേക്ക് മടങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പമുള്ള രണ്ടുപേര്‍ ഐഎസ് ക്യാമ്പിലുണ്ടെന്നാണ് വിവരം.

സിറിയന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടയില്‍ ചേര്‍ന്ന 14 മലയാളികള്‍ കൊല്ലപ്പെട്ടതായി കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിരുന്നു. ഐഎസിന്റെ കേരളാ തലവന്‍ എന്നറിയപ്പെടുന്ന ഷജീര്‍ മംഗലശ്ശേരിയും കൊല്ലപ്പെട്ടവരിലുണ്ടായിരുന്നു.

മലയാളികളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും ആകര്‍ഷിക്കാനുമായി മലയാളത്തില്‍ രണ്ട് വെബ്‌സൈറ്റുകള്‍ നടത്തിയത് ഷജീറാണ്. ഇയാള്‍ അഡ്മിനായ അന്‍ഫാറുല്‍ ഖലീഫ, അല്‍ മുജാഹിദുല്‍ എന്നീ സൈറ്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്.

Related News from Archive
Editor's Pick