ഹോം » ഭാരതം » 

ആബെയ്ക്ക് ഉജ്ജ്വല സ്വീകരണം; ചരിത്രം രചിച്ച് റോഡ് ഷോ

വെബ് ഡെസ്‌ക്
September 13, 2017

അഹമ്മദാബാദ്: പത്താമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിക്കെത്തിയ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് അഹമ്മദാബാദില്‍ ഉജ്ജ്വല സ്വീകരണം. പ്രോട്ടോക്കോള്‍ മറികടന്ന് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാന്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിനിന്റെ ശിലാസ്ഥാപന ചടങ്ങും ഇരു പ്രധാനമന്ത്രിമാരും ഇന്ന് നിര്‍വഹിക്കും.

വിമാനത്താവളം മുതല്‍ സബര്‍മതി ആശ്രമം വരെ നീണ്ട 8 കിലോമീറ്റര്‍ റോഡ് ഷോയില്‍ പതിനായിരങ്ങള്‍ ജപ്പാന്‍ പ്രധാനമന്ത്രിക്കും ഭാര്യ അകി ആബെയ്ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. വിമാനത്താവളത്തില്‍ തന്നെ ഷിര്‍സോ ആബെ കുര്‍ത്തയും ഭാര്യ അകി ചുരിദാറും ധരിച്ച് ഇന്ത്യക്കാരായി മാറി. ഗാര്‍ഡ് ഓഫ് ഓണറിന് പുറമേ പരമ്പരാഗത ഗുജറാത്തി നൃത്തച്ചുവടുകളുമായാണ് ജപ്പാന്‍ പ്രധാനമന്ത്രിക്ക് സ്വീകരണമൊരുക്കിയത്.

ഗാന്ധിജിയുടെ ഓര്‍മ്മകളുള്ള സബര്‍മതിയിലും ഇന്ത്യന്‍ വേഷത്തിലാണ് ഇരുവരും സന്ദര്‍ശനം നടത്തിയത്. പ്രസിദ്ധമായ ഗാന്ധിജിയുടെ മൂന്നു കുരങ്ങന്മാരുടെ മാര്‍ബിള്‍ പ്രതിമകളും ജപ്പാന്‍ പ്രധാനമന്ത്രിക്ക് മോദി സമ്മാനിച്ചു. ചരിത്രപ്രസിദ്ധമായ പതിനാറാം നൂറ്റാണ്ടിലെ സിദ്ദി സയ്യദ് പള്ളിയും ജപ്പാന്‍ പ്രധാനമന്ത്രി മോദിക്കൊപ്പം സന്ദര്‍ശിച്ചു. അഹമ്മദാബാദ്, ഗാന്ധിനഗര്‍ നഗരങ്ങള്‍ നിരവധി വര്‍ണ്ണ വിളക്കുകള്‍ കൊണ്ട് പ്രത്യേകമായി അലങ്കരിച്ചിരിക്കുകയാണ്.

ഭാരതം ജപ്പാന് ഏറ്റവും പ്രത്യേക സുഹൃത്താണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ സംസ്ഥാനത്തേക്കുള്ള തന്റെ നാലാമത്തെ സന്ദര്‍ശനമാണിത്. ഇന്ത്യ-ജപ്പാന്‍ ബന്ധത്തില്‍ പുതിയ ചരിത്രം രചിക്കാനാണ് ഈ സന്ദര്‍ശനമെന്നും ആബെ വ്യക്തമാക്കി.

ഇന്ത്യ-ജപ്പാന്‍ സഹകരണ പദ്ധതികളിലെ പുരോഗതികള്‍ ഇരു പ്രധാനമന്ത്രിമാരും വിലയിരുത്തും. സ്‌പെഷ്യല്‍ സ്ട്രാറ്റജിക് ആന്റ് ഗ്ലോബല്‍ പാര്‍ട്ട്‌നര്‍ഷിപ്പ് പ്രകാരമുള്ള ഭാവി പരിപാടികളും തീരുമാനിക്കും. അഹമ്മദാബാദ്-മുംബൈ അതിവേഗ തീവണ്ടി പദ്ധതിയുടെ പുരോഗതിയും ഇരുവരും ചര്‍ച്ച ചെയ്യും. ഇന്ത്യ-ജപ്പാന്‍ ബിസിനസ് മീറ്റും ഉച്ചകോടിയുടെ ഭാഗമായി നടക്കുന്നുണ്ട്. ഇരുരാജ്യങ്ങളുടേയും പ്രതിരോധ കരാറുകളും ഉച്ചകോടിയില്‍ ഒപ്പുവെയ്ക്കുന്നുണ്ട്.

Related News from Archive
Editor's Pick