ഹോം » പ്രാദേശികം » കണ്ണൂര്‍ » 

ഓര്‍മ്മയാവുന്ന കച്ചേരി ആലകള്‍

September 13, 2017


ഇരിട്ടി: ഒരുകാലത്ത് കേരളത്തിലെ ഗ്രാമ പഞ്ചായത്തുകള്‍ തോറും സ്ഥാപിക്കപ്പെട്ടിരുന്ന കച്ചേരി ആലകള്‍ എന്ന് വിളിച്ചിരുന്ന പഞ്ചായത്ത് ആലകള്‍ ഓര്‍മ്മയാവുന്നു. കീഴൂര്‍ ചാവശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ കീഴില്‍ കീഴൂരില്‍ സ്ഥിതി ചെയ്യുന്ന ആലയും പതുക്കെ പതുക്കെ ഓര്‍മ്മയിലേക്ക് നീങ്ങുകയാണ്.
പണ്ടുകാലത്ത് ടൗണുകളിലും റോഡുകളിളിലും സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങളിലും മറ്റും അലഞ്ഞു നടന്ന് ശല്യം ചെയ്യുകയും വിളകള്‍ നശിപ്പിക്കുകയും ചെയ്തിരുന്ന കന്നുകാലികളെ പിടിച്ചുകെട്ടാന്‍ വേണ്ടിയായിരുന്നു കച്ചേരി ആലകള്‍ എന്ന് വിളിക്കപ്പെട്ടിരുന്ന ഇത്തരം കെട്ടിടങ്ങള്‍ പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ സ്ഥാപിക്കപ്പെട്ടിരുന്നത്. തങ്ങളുടേതായ പ്രദേശത്ത് അലഞ്ഞുതിരിയുകയും ശല്യം ചെയ്യുകയും ചെയ്യുന്ന കന്നുകാലികളെ പ്രദേശത്തെ വ്യക്തികള്‍ക്ക് പിടിച്ചുകൊണ്ടുവന്ന് ഇത്തരം ആലകളില്‍ കെട്ടിയിടാമായിരുന്നു. കെട്ടിയിടുന്ന കന്നുകാലികള്‍ക്ക് പുല്ലും വെള്ളവും നല്‍കുന്നതിനായുള്ള പ്രത്യേക സംവിധാനവും ഇതിനകത്ത് ഉണ്ടായിരുന്നു.
ഇവിടെ കെട്ടിയിട്ടുകഴിഞ്ഞാല്‍ പിന്നെ ഇതിന്റെ ഉടമക്ക് പഞ്ചായത്ത് അധികൃതരുടെ അനുവാദമില്ലാതെ ഇവയെ തിരിച്ചു കൊണ്ടുപോകാന്‍ സാധിക്കുമായിരുന്നില്ല. ആലയുടെ ഉത്തരവാദിത്വമുള്ള വ്യക്തിയേയോ പഞ്ചായത്ത് അധികൃതരേയോ വിവരമറിയിച്ചാല്‍ അവര്‍ എത്തുകയും ഒരു നിശ്ചിതതുക പിഴയടച്ച ശേഷം മാത്രമേ ഇതിനെ ഉടമക്ക് വിട്ടു നല്‍കുകയുണ്ടായിരുന്നുള്ളൂ.
ഇന്നത്തെ പുതിയ തലമുറക്ക് അന്യമായ ഇത്തരം കച്ചേരി ആലകളില്‍ ഒന്ന് ഇപ്പോഴും കീഴൂരില്‍ സ്ഥിതി ചെയ്യുന്നു. കീഴൂരില്‍ നിന്നും ഇരിട്ടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് പോകുന്ന റോഡില്‍ കീഴൂര്‍ വിയുപി സ്‌കൂളിന് സമീപമായാണു ഇത് സ്ഥിതിചെയ്യുന്നത്. കാലപ്പഴക്കം കൊണ്ട് ഇതിന്റെ മേല്‍ക്കൂരയും മറ്റും തകര്‍ന്നു വീണുകഴിഞ്ഞു. പഞ്ചായത്തിന്റെ (ഇപ്പോള്‍ നഗരസഭയുടെ) അധീനതയില്‍ സ്ഥിതിചെയ്യുന്ന സ്ഥലവും കെട്ടിടവും ഇനി അധികകാലം നിലനിലനില്‍ക്കാനിടയില്ല. ഇതിനെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന നിലയില്‍ ചരിത്രശേഷിപ്പായി സംരക്ഷിച്ചു നിര്‍ത്തണം എന്നാണ് നാട്ടുകാര്‍ പറയുന്നത്.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick