കരിപ്പൂര്‍ വിമാനത്താവളത്തിലെ കവര്‍ച്ച; നടപടി വേണമെന്ന്

Wednesday 13 September 2017 7:47 pm IST

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കൊള്ളയടിക്കപ്പെടുന്നുണ്ടെന്ന ആരോപണവുമായി മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍. വിലയേറിയ വസ്തുക്കള്‍ കൊള്ളയടിക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നിസംഗത തുടരുന്ന സാഹചര്യത്തിലാണ് പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. കരിപ്പൂരില്‍ ലാന്റ് ചെയ്ത വിമാനം ടാക്‌സി ബേയില്‍ നിന്നു പാര്‍ക്കിംഗ് ബേയിലെത്തി യാത്രക്കാരെല്ലാം പുറത്തു പോയതിനുശേഷമാണ് ലഗേജുകള്‍ ഇറക്കുന്നത്. ലഗേജുകള്‍ നിറച്ച കണ്ടെയ്‌നറുകള്‍ കസ്റ്റംസിന്റെ സ്‌കാനിംഗ് പരിശോധനാ റൂമില്‍ കണ്‍വയര്‍ ബല്‍റ്റിലൂടെ എത്തും. അവിടെ നിന്ന് സ്‌കാനിംഗ് പരിശോധന കഴിഞ്ഞതിനു ശേഷം ലഗേജുകള്‍ കസ്റ്റംസ് ഹാളിലേക്കു എത്തിച്ചേരും. പാര്‍ക്കിംഗ് ബേയില്‍ നിന്നും കസ്റ്റംസിന്റെ സ്‌കാനിംഗ് റൂമിലേക്കുള്ള ഭാഗത്തു വച്ചാണു കവര്‍ച്ച നടക്കുന്നത്. സ്‌കാനിംഗ് റൂമില്‍ സിസിടിവി സംവിധാനം ഇല്ല. നിരവധി തവണ ഇവിടെ സിസിടിവി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതര്‍ തയാറായിട്ടില്ല. വിലപിടിപ്പുള്ള സാധനങ്ങളുള്ള ബാഗുകളില്‍ നിന്ന് മാത്രമാണ് മോഷണം നടക്കുന്നത്. ഇക്കഴിഞ്ഞ ഒന്‍പതിനു ചലച്ചിത്ര പ്രവര്‍ത്തകനായ നികേഷ് പുത്തലത്തിന്റെ ബ്രീഫ്‌കെയ്‌സില്‍ നിന്നും 50,000 രൂപ വിലവരുന്ന വാച്ച് നഷ്ടമായെന്നും ഭാരവാഹികള്‍ പറഞ്ഞു. ഏതാനും മാസം മുമ്പ് താമരശ്ശേരി സ്വദേശിയായ അസീസിന്റെ ഒരുലക്ഷം രൂപയുടെ സാധനങ്ങള്‍ അടങ്ങിയ പെട്ടിയും കസ്റ്റംസ് ഹാളില്‍ നിന്നും മോഷണം പോയിരുന്നു. വിമാനത്താവളത്തിലെ ചില ജീവനക്കാര്‍ക്കും ഏതാനും തൊഴിലാളികള്‍ക്കും മോഷണത്തില്‍ പങ്കുണ്ടെന്നും ഭാരവാഹികള്‍ ആരോപിച്ചു. സിസിടിവി സ്ഥാപിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കൗണ്‍സില്‍ പ്രസിഡന്റ് കെ.എം. ബഷീര്‍, ജനറല്‍ സെക്രട്ടറി കെ. സെയ്ഫുദ്ദീന്‍, സെക്രട്ടറി രമേഷ്‌കുമാര്‍, അസീസ്, ടി.പി.എം. ഹാഷിറലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.