ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തില്‍ നന്ദി അറിയിച്ച് തലശ്ശേരി അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ്

Wednesday 13 September 2017 8:08 pm IST

തലശ്ശേരി: ഐസിസ് തീവ്രവാദികളുടെ പിടിയിലായിരുന്ന ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിന് സഹായിച്ച എല്ലാവര്‍ക്കും കത്തോലിക്ക കോണ്‍ഗ്രസ് തലശ്ശേരി അതിരൂപത നന്ദി അറിയിച്ചു. യമന്‍ സര്‍ക്കാരിനും ഇന്ത്യന്‍ വിദേശകാര്യ വകുപ്പിനും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുമാണ് എകെസിസി നന്ദി പറഞ്ഞത്. ദീര്‍ഘകാലമായി യെമനില്‍ ഐസിസ് തീവ്രവാദികളുടെ തടവിലായിരുന്നു ഫാദര്‍ ടോം. ആറ് മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്ന വീഡിയോ സന്ദേശം മാത്രമായിരുന്നു ഫാദര്‍ ടോമിനെക്കുറിച്ചുള്ള ഏക വിവരം. പെട്ടെന്നുണ്ടായ ഫാ. ടോമിന്റെ മോചനം സഭയ്ക്ക് ഏറെ സന്തോഷം നല്കുന്നതാണ്. ഫാ.ടോം ഉഴുന്നാലിലച്ചന്റെ മോചനത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് ദൈവം നല്കുന്ന ഉത്തരമാണ് ഈ മോചനമെന്ന് അതിരൂപത പ്രസിഡണ്ട് ദേവസ്യ കൊങ്ങോല പറഞ്ഞു. ഡോണ്‍ ബോസ്‌കോ സലേഷ്യന്‍ സഭാംഗം ആണ് ഫാ. ടോം. തലശ്ശേരി അതിരൂപത ആസ്ഥാനത്ത് വെച്ച് നടന്ന യോഗത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ്സ് അതിരൂപത പ്രസിണ്ടന്റ് ദേവസ്യ കൊങ്ങോല അദ്ധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടര്‍ ഫാ.ഫ്രാന്‍സീസ് മേച്ചിറാകത്ത് ജനറല്‍ സെക്രട്ടറി ജോണി തോമസ് വടക്കേക്കര കേന്ദ്ര കമ്മറ്റി വൈസ് പ്രസിണ്ടന്റ് അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേല്‍ അതിരൂപത ഭാരവാഹികളായ ചാക്കോച്ചന്‍ കാരാമയില്‍, ബെന്നി പുതിയാപുറം എന്നിവര്‍ പങ്കെടുത്തു.